
മുംബൈ: സ്വകാര്യ വായ്പാദാതാവായ എച്ച്ഡിഎഫ്‌സി ബാങ്ക് ബോണ്ട് വഴി 50,000 കോടി രൂപ സമാഹരിക്കുന്നു. ഇതിനുള്ള നിര്‍ദ്ദേശം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് നല്‍കി. അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തില്‍ ബോണ്ട് പുറത്തിറക്കും.
ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഏപ്രില്‍ 15 ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. അഡീഷണല്‍ ടയര്‍ 1 മൂലധനം, ടയര്‍ 2 ക്യാപിറ്റല്‍ ബോണ്ടുകള്‍, ദീര്‍ഘകാല ബോണ്ടുകള്‍ (ഇന്‍ഫ്രാസ്ട്രക്ചര്‍, താങ്ങാനാവുന്ന ഭവനങ്ങളുടെ ധനസഹായം) എന്നിവയുടെ ഉള്‍പ്പെടുന്ന പെര്‍പെച്വല്‍ ഡെറ്റ് ഇന്‍സ്ട്രുമെന്റുകളാണ് പുറത്തിറക്കുക.
നാലാംപാദത്തില്‍ 17 ശതമാനം വായ്പ വളര്‍ച്ച നേടിയതായി ബാങ്ക് അറിയിച്ചിരുന്നു. നിക്ഷേപം 21 ശതമാനവും ഉയര്‍ന്നു. ലോണ്‍ ബുക്കില്‍ ചില്ലറ വായ്പ 21 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.
വാണിജ്യ, ഗ്രാമീണ വായ്പകള്‍ 30 ശതമാനമുയര്‍ന്നു. മൊത്തകച്ചവട വായ്പ വളര്‍ച്ച 12.5 ശതമാനമാണ്. നാലാംപാദത്തില്‍ 18835 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്ക് നേടിയത്.