ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുമ്പോഴോ പോകുമ്പോഴോ എങ്ങനെയാണ് അറിയാറുള്ളത്? സാധാരണയായി ഏത് ബാങ്കിലാണോ അക്കൗണ്ടുള്ളത് ആ ബാങ്കിൽ നിന്നും ഉപയോക്താവിന് എസ്എംഎസ് ലഭിക്കാറുണ്ട്.
അത് ഒരു രൂപ ഇടപാടാണെങ്കിൽ പോലും ഉപയോക്താവിന് അറിയിപ്പ് ലഭിച്ചിരിക്കും. അതേസമയം, എല്ലാ ഇടപാടുകൾക്കും മെസേജ് നൽകേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി. ജൂൺ 25 മുതൽ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ ഈ തീരുമാനം പ്രാബല്യത്തിൽ വരും.
എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് നൽകിയ സന്ദേശം അനുസരിച്ച് കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്കുള്ള അറിയിപ്പുകളായിരിക്കും ഒഴിവാക്കുക. ജൂൺ 25 മുതൽ കുറഞ്ഞ മൂല്യമുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട എസ്എംഎസ് അയയ്‌ക്കില്ല.
അതേസമയം, പണം സ്വീകരിക്കുന്നതിനും അയയ്‌ക്കുന്നതിനും അലേർട്ട് പരിധി വ്യത്യസ്തമാണ്. ബാങ്ക് അയച്ച വിവരം അനുസരിച്ച്, 100 രൂപയിൽ താഴെ അക്കൗണ്ടുകളിൽ നിന്നും പോകുകയാണെങ്കിൽ ഇനി എസ്എംഎസ് അലർട്ട് ലഭിക്കില്ല.
അതേപോലെ, 500 രൂപ വരെ അക്കൗണ്ടിലേക്ക് എത്തുകയാണെങ്കിലും ക്രെഡിറ്റിന് അലേർട്ടുകൾ ലഭിക്കില്ല.
അതേസമയം, എല്ലാ ഇടപാടുകൾക്കും ഇ-മെയിൽ അലേർട്ടുകൾ ലഭ്യമാകും. അതുകൊണ്ടുതന്നെ, മെയിലിലെ എല്ലാ ഇടപാടുകൾക്കും അലേർട്ടുകൾ ലഭിക്കുന്നതിന് എല്ലാ ഉപഭോക്താക്കളോടും അവരുടെ മെയിൽ ഐഡി അപ്‌ഡേറ്റ് ചെയ്യാൻ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
യുപിഐ കൂടുതൽ ജനകീയമായതോടെയാണ് ചെറിയ തുകകൾ വരെ അതായത് 100 രൂപയിൽ കുറവുള്ള തുകയുടെ ഇടപാടുകൾ വർധിച്ചത്.
ഇടപാടുകൾക്ക് മെസേജ് വഴി അലേർട്ട് നൽകുന്നതിന് ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്നും എസ് എംഎസ് ചാർജ് ഈടാക്കാറുണ്ട്. അത് ഓരോ ബാങ്കിനും വ്യത്യസ്തവുമായിരിക്കും.