മുംബൈ: എച്ച്‌ഡിഎഫ്‌സി ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡും എച്ച്‌ഡിഎഫ്‌സി ഹോൾഡിംഗ്‌സ് ലിമിറ്റഡും എച്ച്‌ഡിഎഫ്‌സി ബാങ്കുമായി ലയിപ്പിക്കുന്നതിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ് ശനിയാഴ്ച അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിനെ അതിന്റെ മാതൃ കമ്പനിയായ എച്ച്ഡിഎഫ്‌സി ലിമിറ്റഡുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ഈ ജോയിന്റ് കമ്പനി സ്കീം, എൻസിഎൽടി, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, സ്കീമിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പനികളുടെ ബന്ധപ്പെട്ട ഓഹരി ഉടമകൾ, കടക്കാർ എന്നിവരിൽ നിന്നുള്ള വിവിധ നിയമപരവും നിയന്ത്രണപരവുമായ അംഗീകാരങ്ങൾക്ക് വിധേയമായി തുടരുമെന്ന് എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
അതേസമയം എച്ച്‌ഡിഎഫ്‌സി ലിമിറ്റഡുമായുള്ള ലയനത്തിനും മറ്റ് അംഗീകാരങ്ങൾക്കും എച്ച്‌ഡിഎഫ്‌സി ബാങ്കിന് റിസർവ് ബാങ്കിന്റെ (ആർബിഐ) തത്വത്തിലുള്ള അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടായാണ് ഈ ലയനത്തെ കാണുന്നത്. ഈ വർഷം ഏപ്രിലിൽ, എച്ച്‌ഡിഎഫ്‌സി ബാങ്കും എച്ച്‌ഡിഎഫ്‌സി ലിമിറ്റഡും ലയന നിർദ്ദേശം പ്രഖ്യാപിച്ചിരുന്നു.