![](https://www.livenewage.com/wp-content/uploads/2022/07/hdfc-hdfc-merger.png)
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക്,അതിന്റെ മാതൃ കമ്പനിയായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ലയിക്കുകയാണ്. ജൂലൈ 1 ന് ലയനം യാഥാര്‍ത്ഥ്യമാകും,എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ് അറിയിക്കുന്നു.ജൂണ്‍ 30 നായിരിക്കും എച്ച്ഡിഎഫ്‌സിയുടെ അവസാന ബോര്‍ഡ് മീറ്റിംഗ്.
ജൂണ്‍ 13 തൊട്ട് എച്ച്ഡിഎഫ്‌സി ഓഹരികള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളായി ട്രേഡ് ചെയ്യപ്പെടും. റിസര്‍വ് ബാങ്ക് ഏപ്രിലില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് സെലക്ടീവ് റെഗുലേറ്ററി റിലീഫ് നല്‍കിയിരുന്നു. ലയനം സുഗമമാക്കുന്നതിനായിരുന്നു ഇത്.
ഗ്രൂപ്പിന്റെ ഭാഗമായ ഇന്‍ഷൂറന്‍സ്,അസറ്റ് മാനേജ്‌മെന്റ് ബിസിനസുകള്‍ക്ക് പുറമെ ഇരു കമ്പനികളുടേയും ദശലക്ഷണക്കിന് ഉപഭോക്താക്കളിലും ഓഹരിയുടമകളിലും ലയനം സ്വാധീനം ചെലുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തിന് ദേശീയ കമ്പനി നിയമ ട്രിബ്യൂണിലിന്റെ (എന്‍സിഎല്‍ടി) അംഗീകാരം കഴിഞ്ഞമാസം ലഭ്യമായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), പിഎഫ്ആര്‍ഡിഎ, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) എന്നിവയുടെ അനുമതി ഇതിനോടകം ലഭ്യമായിട്ടുണ്ട്.
കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനത്തോടെ രാജ്യത്തെ വലിയ ഭവന വായ്പ കമ്പനിയും ഏറ്റവും വലിയ സ്വകാര്യബാങ്കും ഒന്നാകും. ഇതുവഴി പുതിയ ഒരു ബാങ്കിംഗ് ഭീമനാണ് സൃഷ്ടിക്കപ്പടുക. എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍, എച്ച്ഡിഎഫ്സി സ്വന്തമാക്കുക എന്നതാണ് പദ്ധതി.
ഓഹരിയുടമകളുടെ കൈവശമുള്ള ഓരോ 25 ഓഹരികള്‍ക്കും ബാങ്കിന്റെ 42 ഓഹരികള്‍ വീതം ലഭ്യമാകും. 12.8 ലക്ഷം കോടി രൂപ വിപണി മൂലധനവും 17.9 ലക്ഷം കോടി രൂപ ബാലന്‍സ് ഷീറ്റും ഉള്ള മറ്റൊരു കമ്പനി ഇതോടെ ആവിര്‍ഭവിക്കും. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്സി)മേലുള്ള കര്‍ശനമായ നിയന്ത്രണങ്ങളാണ് ലയനത്തിന് പ്രേരിപ്പിച്ചതെന്ന് എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖ് അറിയിച്ചിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകളില്‍ ഇത് ‘തുല്യരുടെ ലയന’ മാണ്. ആര്‍ബിഐയുടെ കര്‍ശന നിയന്ത്രണങ്ങള്‍ എന്‍ബിഎഫ്സി വ്യവസായത്തെ എങ്ങനെ ബാധിച്ചുവെന്ന് പരേഖ് വിശദീകരിച്ചു. കൂടാതെ, എന്‍ബിഎഫ്സികളുടെ പണച്ചെലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ലയനഫലമായി സൃഷ്ടിക്കപ്പെടുന്ന സ്ഥാപനം ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിലെ ശക്തികേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.