മുംബൈ: 2022 സെപ്തംബറിൽ അവസാനിച്ച പാദത്തിൽ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്‌ഡിഎഫ്‌സി) പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 23 ശതമാനം വർധിച്ച് 15,027.20 കോടി രൂപയായപ്പോൾ അറ്റാദായം 18% ഉയർന്ന് 4,454 കോടി രൂപയായി.
ഈ ത്രൈമാസത്തിൽ അറ്റ പലിശ വരുമാനം (NII) 4,639 കോടി രൂപയും അറ്റ പലിശ മാർജിൻ (NIM) 3.4 ശതമാനവും ആയിരുന്നതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അതേപോലെ എച്ച്‌ഡിഎഫ്‌സിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (എയുഎം) മുൻ വർഷത്തെ 5.9 ലക്ഷം കോടിയിൽ നിന്ന് 6.9 ലക്ഷം കോടി രൂപയായി വർധിച്ചു.
ഈ പാദത്തിൽ, മോർട്ട്ഗേജ് ലെൻഡർ എച്ച്ഡിഎഫ്സി ബാങ്കിന് 9,145 കോടി രൂപയുടെ വായ്പ നൽകി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അനുവദിച്ച 7,132 കോടി രൂപയേക്കാൾ കൂടുതലാണിത്. കൂടാതെ കമ്പനിയുടെ വ്യക്തിഗത വായ്പകളുടെ കളക്ഷൻ കാര്യക്ഷമത ഈ പാദത്തിൽ 99% ആയി ഉയർന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഭവന വായ്പ ദാതാവാണ് ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (HDFC). ഇതിന് ബാങ്കിംഗ്, ലൈഫ്, ജനറൽ ഇൻഷുറൻസ്, അസറ്റ് മാനേജ്‌മെന്റ്, വെഞ്ച്വർ ക്യാപിറ്റൽ, റിയൽറ്റി, നിക്ഷേപങ്ങൾ, വിദ്യാഭ്യാസ വായ്പകൾ എന്നിവയിലും സാന്നിധ്യമുണ്ട്.