ന്യൂഡൽഹി: ഇന്ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ നികുതി കുറച്ചേക്കും. ആഢംബര വാച്ചുകള്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ നികുതി നിരക്ക് വർധിപ്പിക്കുന്നതിനോടൊപ്പം പുതിയതായി 35 ശതമാനമെന്ന നികുതി സ്ലാബും കൊണ്ടുവന്നേക്കും.
ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. 55-ാമത് യോഗമാണ് ശനിയാഴ്ച നടക്കുന്നത്. 148 ഇനങ്ങളുടെ നികുതി നിരക്ക് പുനഃക്രമീകരിക്കുന്ന കാര്യം ചർച്ചക്കുവരുമെന്നാണ് സൂചന.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ക്കുള്ള ജി.എസ്.ടി നിരക്ക് 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുന്ന കാര്യം പരിഗണിക്കും.
ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയം
കൗണ്‍സിലിന്റെ അജണ്ടയിലുള്ള പ്രധാന ഇനങ്ങളിലൊന്ന് ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളുടെ ജിഎസ്ടി നിരക്ക് തീരുമാനിക്കുകയെന്നതാണ്.
ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെ നവംബറിലെ യോഗത്തില്‍ ടേം ഇൻഷുറൻസ് പോളിസികളുടെ പ്രീമിയത്തിന് ജി.എസ്.ടി ഒഴിവാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.
മുതിർന്ന പൗരന്മാരുടെ ഹെല്‍ത്ത് ഇൻഷുറൻസ് പ്രീമിയത്തെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കാനും നിർദേശിച്ചിരുന്നു. അഞ്ച് ലക്ഷം രൂപവരെയുള്ള ഹെല്‍ത്ത് ഇൻഷുറൻസ് പ്രീമിയവും നികുതി വിമുക്തമാക്കിയേക്കും. അഞ്ച് ലക്ഷത്തിന് മുകളിലുള്ള പ്രീമിയത്തിന്മേല്‍ നിലവില്‍ ഈടാക്കുന്ന 18 ശതമാനം നികുതി തുടരും.
ഉയർന്ന സ്ലാബ്
പെപ്സി, കൊക്കക്കോള ഉള്‍പ്പടെയുള്ള പാനീയങ്ങളുടെ നികുതി നിലവിലുള്ള 28 ശതമാനത്തില്‍നിന്ന് 35 ശതമാനമാക്കിയേക്കും. സിഗരറ്റുകള്‍, പുകയില അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവക്കും സമാന നികുതി നിരക്ക് കൊണ്ടുവരും.
5,12,18,28 എന്നിങ്ങനെയാണ് നിലവിലെ ജിഎസ്ടി നിരക്കുകള്‍. 35 ശതമാനമെന്ന പുതിയ നിരക്ക് ഈ ഉത്പന്നങ്ങള്‍ക്ക് മാത്രമായി ചുമത്താനാണ് നിർദേശിച്ചിട്ടുള്ളത്.
വസ്ത്രങ്ങളുടെ നികുതി നിരക്ക് യുക്തിസഹമാക്കും. 1,500 രൂപവരെയുള്ള വസ്ത്രങ്ങള്‍ക്ക് അഞ്ച് ശതമാനവും അതിന് മുകളില്‍ 10,000 രൂപവരെയുള്ളവയ്ക്ക് 18 ശതമാനവും നികുതിയാകും ഏർപ്പെടുത്തുക. 10,000ന് മുകളില്‍ വില വരുന്ന വസ്ത്രങ്ങള്‍ക്ക് 28 ശതമാനം നികുതിയും കൊണ്ടുവന്നേക്കും.
20 ലിറ്ററിന് മുകളുള്ള പാക്ക് ചെയ്ത കുടിവെള്ളത്തിന്റെ ജി.എസ്.ടി 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായും 10,000 രൂപയില്‍ താഴെ വിലയുള്ള സൈക്കിളുകളുടെ നികുതി 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കുന്ന കാര്യവും പരിഗണിച്ചേക്കും.