കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് 55 രൂപ താഴ്ന്ന് വില 7,220 രൂപയിലെത്തി. പവന് 440 രൂപ കുറഞ്ഞ് വില 57,760 രൂപ.
കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ പ്രയോജനപ്പെടുത്തുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 45 രൂപ കുറഞ്ഞ് 5,950 രൂപയായി. വെള്ളിക്കും ഗ്രാമിന് ഒരു രൂപ കുറഞ്ഞു; വില 99 രൂപ.
യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ഡോളറിന്റെ മൂല്യം കുതിക്കുന്നതാണ് സ്വർണവിലയെ വീഴ്ത്തുന്നത്.
രാജ്യാന്തര സ്വർണവ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കേ, ഡോളർ ശക്തിപ്രാപിക്കുമ്പോൾ സ്വർണം വാങ്ങാൻ കൂടുതൽ തുക കണ്ടെത്തേണ്ടിവരും. ഇത് ഡിമാൻഡിനെ ബാധിക്കും; വിലയും കുറയും.
ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി യീൽഡ്) യുഎസ് ഓഹരി വിപണികളും ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളും ട്രംപിന്റെ വിജയത്തിന് പിന്നാലെ നേട്ടത്തിലാണ്.
ഇത് സ്വർണനിക്ഷേപ പദ്ധതികളെ അനാകർഷകമാക്കുന്നതും വിലയിടിവിന് കാരണമാകുന്നു. ഒക്ടോബർ അവസാനവാരം ഔൺസിന് 2,790 ഡോളർ എന്ന സർവകാല റെക്കോർഡ് തൊട്ട രാജ്യാന്തരവില ഇപ്പോഴുള്ളത് 120 ഡോളറിലധികം മൂക്കുംകുത്തി 2,669 ഡോളറിൽ. ഈ വിലത്തകർച്ചയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് നീങ്ങിയിരുന്നില്ലെങ്കിൽ സംസ്ഥാനത്ത് സ്വർണവില ഇതിലും കുറയുമായിരുന്നു.
രൂപ ദുർബലമാകുകയും ഡോളർ ശക്തിപ്രാപിക്കുകയും ചെയ്യുമ്പോൾ സ്വർണം ഇറക്കുമതി ചെയ്യാനുള്ള ചെലവ് കൂടുമെന്നതാണ് കാരണം.