![](https://www.livenewage.com/wp-content/uploads/2025/02/savingC-1.webp)
ഒരു സുഹൃത്തിനെ വിളിക്കാൻ ഫോൺ നമ്പർ ഡയൽ ചെയ്യുമ്പോൾ ഇപ്പോൾ കേൾക്കുന്നത് ഒരു മുന്നറിയിപ്പാണ്. സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള ജാഗ്രത നിർദേശം.
ഇത്തരത്തിൽ മുന്നറിയിപ്പുകൾ പലപ്പോഴായി പല രീതിയിൽ കേട്ടിട്ടുണ്ടെങ്കിലും ഫലപ്രദമായി ഇതിനെ നേരിടാൻ ആയിട്ടില്ല. കേരളത്തിൽ അടക്കം ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങി ജീവനോടുക്കിയ കുടുംബങ്ങൾ വരെയുണ്ട്. അതീവ ഗുരുതരമായ ഈ സാഹചര്യത്തെയാണ് സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ എടുത്തു പറഞ്ഞിരിക്കുന്നത്.
നിക്ഷേപ തട്ടിപ്പുകളും സാമ്പത്തിക തട്ടിപ്പുകളും സംസ്ഥാനത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക സാക്ഷരതയുള്ള സമൂഹമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പ്രയത്നമാണ് ബജറ്റിൽ അടിവരയിടുന്നത്.
കുട്ടികളെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കുന്നതോടൊപ്പം ഒരു ഫിനാൻഷ്യൽ കോൺക്ലവ് വരെ ഈ ലക്ഷ്യത്തിനായി ധനമന്ത്രി മുന്നോട്ട് വെക്കുന്നുണ്ട്.
ബജറ്റിൽ ധനമന്ത്രി പറഞ്ഞത് ഇങ്ങനെ
നിക്ഷേപ തട്ടിപ്പുകളും സാമ്പത്തിക തട്ടിപ്പുകളും സംസ്ഥാനത്ത് വർദ്ധിക്കുന്നുണ്ട്. സാമ്പത്തിക മാനേജ്മെൻ്റിൻ്റെ കുഴപ്പങ്ങൾ മൂലം നിരവധി കുടുംബങ്ങൾ കടക്കെണിയിലേക്കും ആത്മഹത്യ യിലേക്കും ജനങ്ങൾക്കിടയിൽ പോകുന്ന ശരിയായ സാഹചര്യവുമുണ്ട്. സാമ്പത്തിക സാക്ഷരത ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
വിവിധ ഏജൻസികളുമായും സംഘടനകളുമായും ചേർന്നുകൊണ്ട് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ 2000 സ്കൂളുകളിൽ ദേശീയ സമ്പാദ്യ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്.
ഇത് സംസ്ഥാനത്തെ വ്യാപിപ്പിക്കുകയും മുഴുവൻ കുട്ടികളെ സ്കൂളുകളിലേക്കും സാമ്പത്തിക മാനേജ്മെന്റിനെക്കുറിച്ച് അവബോധമുള്ളവരാക്കി മാറ്റാനുള്ള ക്യാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്യും.
ഇതോടൊപ്പം സംസ്ഥാനത്ത് വിപുലമായ ഒരു ഫിനാൻഷ്യൽ കോൺക്ലേവ് സംഘടിപ്പിക്കും. തുടർ ഫിനാൻഷ്യൽ ലിറ്ററസി കാമ്പയിനും സംഘടിപ്പിക്കും. ഇതിനായി 2 കോടി രൂപ വകയിരുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.