ന്യൂഡല്‍ഹി: കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) പവന്‍ മുഞ്ജലിന്റെ വസതിയിലും ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയതായി ഹീറോ മോട്ടോകോര്‍പ്പ് സ്ഥിരീകരിച്ചു. അന്വേഷണ ഏജന്‍സി മുഞ്ജലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപ്രഖ്യാപിത വിദേശ കറന്സി കൈവശം വച്ചതിന് മുഞ്ജലിന്റെ അടുത്ത സഹായികളില്‍ ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ)അടുത്തിടെ പിടികൂടിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് റെയ്ഡ്. ഡല്‍ഹിയിലെയും ഗുരുഗ്രാമിലെയും രണ്ട് ഓഫീസുകളില്‍ ഇഡി സന്ദര്‍ശനം നടത്തിയതായി ഹീറോ മോട്ടോകോര്‍പ്പ് ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
‘എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഇന്ന് ഡല്‍ഹിയിലെയും ഗുരുഗ്രാമിലെയും ഓഫീസുകളും എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ പവന്‍ മുഞ്ജലിന്റെ വസതിയും സന്ദര്‍ശിച്ചു. ഏജന്‍സിക്ക് എല്ലാ സഹകരണവും നല്‍കുന്നത് തുടരും’ പ്രസ്താവനയില്‍ കമ്പനി പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ക്കനുസൃതമായാണ് ഡല്‍ഹിയിലും സമീപപ്രദേശമായ ഗുരുഗ്രാമിലും റെയ്ഡ് നടത്തിയത്. അപ്രഖ്യാപിത വിദേശ കറന്സി കൈവശം വച്ചുവെന്നാരോപിച്ച് മുഞ്ജലുമായി അടുപ്പമുള്ള ഒരാള്‌ക്കെതിരെ ഡിആര്‌ഐ നല്കിയ പരാതിയിലാണ് അന്വേഷണം.