മുംബൈ: ഗ്രാമീണ വിപണിയിലെ മന്ദഗതിയിലുള്ള വിൽപ്പനയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ 2022 സെപ്തംബർ പാദത്തിലെ അറ്റാദായം 10% ഇടിഞ്ഞ് 716.07 കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 794.40 കോടി രൂപയായിരുന്നു. അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2021 സെപ്തംബർ പാദത്തിലെ 8453.40 കോടി രൂപയിൽ നിന്ന് 7.4 ശതമാനം വർധിച്ച് 9075.35 കോടി രൂപയായി. കൂടാതെ ഈ കാലയളവിലെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 1038 കോടി രൂപയാണ്.
ഹീറോ മോട്ടോകോർപ്പ് കഴിഞ്ഞ പാദത്തിൽ 14.28 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു, ഇത് 2022 സാമ്പത്തിക വർഷത്തിൽ വിറ്റ 14.38 ലക്ഷം ഇരുചക്രവാഹനങ്ങളെ അപേക്ഷിച്ച് നേരിയ കുറവാണ്. അതേസമയം കമ്പനിയുടെ മികച്ച വരുമാനം തുടർച്ചയായ സാമ്പത്തിക അച്ചടക്കത്തെ പ്രതിഫലിപ്പിക്കുന്നതായി ഹീറോ മോട്ടോകോർപ്പ് പറഞ്ഞു.