Alt Image
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖല

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് ശരിവെച്ച് ഹെെക്കോടതി

കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവെച്ച് ഹെെക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ അംഗീകാരം. മുൻ ലീഗ് എം.എൽ.എയുടേയും പ്രാഥമിക ബാങ്കുകളുടേയും ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

നേരത്തെ ജസ്റ്റിസ് പി ഗോപിനാഥന്റെ സിംഗിൾ ബെഞ്ച് ലയനം ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ ഡിവിഷൻ ബെഞ്ചും ബാങ്കുകളുടെ ലയനം ശരിവെച്ചിരിക്കുകയാണ്.

നേരത്തെ സഹകരണ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ബാങ്ക് ലയനം നടത്തിയത്. കേരളബാങ്ക് ലയനവുമായി ബന്ധപ്പെട്ട് ആദ്യം തന്നെ മലപ്പുറം ജില്ലാ സഹകരണബാങ്ക് എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

ലയനത്തിനെതിരേ റിസർവ് ബാങ്കും എതിരഭിപ്രായവുമായി കോടതിയെ സമീപിച്ചിരുന്നു. മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കാൻ കേരള സഹകരണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി കേന്ദ്രനിയമത്തിലെ വ്യവസ്ഥകൾക്ക് എതിരാണെന്നും അതിനാൽ അസാധുവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് റിസർവ് ബാങ്ക് ഹൈക്കോടതിയിൽ എതിർസത്യാവാങ്മൂലം ഫയൽചെയ്തത്.

എന്നാൽ റിസർവ് ബാങ്കിന്റെ നിലപാടും കോടതി തള്ളിയിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ പിന്തുണച്ചിട്ട് പിന്നീട് എന്തിനാണ് എതിർപ്പുമായി രംഗത്തെത്തിയതെന്ന് കോടതി ചോദിച്ചു.

2021-ൽ കേരള സഹകരണനിയമത്തിൽ കൊണ്ടുവന്ന ഭേദഗതിപ്രകാരമാണ് വകുപ്പ് 74 എച്ച് കൂട്ടിച്ചേർത്തത്. ഇതുപ്രകാരം ബാങ്ക് ജനറൽ ബോഡി കേവലഭൂരിപക്ഷത്തിൽ പാസാക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സഹകരണ രജിസ്ട്രാർക്ക് ജില്ലാ സഹകരണബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കാം.

ജനറൽ ബോഡി ഇത്തരത്തിലൊരു പ്രമേയം പാസാക്കിയില്ലെങ്കിലും പൊതുതാത്‌പര്യം മുൻനിർത്തി റിസർവ് ബാങ്കിനെ അറിയിച്ച് ജില്ലാ സഹകരണബാങ്കിനെ സംസ്ഥാനസഹകരണബാങ്കിൽ ലയിപ്പിക്കാമെന്നും ഭേദഗതിയിൽ പറയുന്നു.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിൽ ഭേദഗതിവഴി വകുപ്പ് 74-എച്ച് കൂട്ടിച്ചേർത്തതിലൂടെ സംസ്ഥാനസർക്കാരിന് ആർ.ബി.ഐ.യുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ജില്ലാ സഹകരണബാങ്കുകൾ ലയിപ്പിക്കാം.

മലപ്പുറം ജില്ലാബാങ്ക് ഇത്തരത്തിലാണ് ലയിപ്പിച്ചത്.

X
Top