മുംബൈ: ഓഹരി വിപണിയിലെ തിരുത്തലും ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തിലെ ശക്തമായ ഇടിവും ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ ഐപിഒകളില്‍ നിന്ന് അകലം പാലിക്കുന്നതിന് വഴിയൊരുക്കുന്നു.
ഐപിഒകള്‍ വിജയിക്കണമെങ്കില്‍ നിക്ഷേപക സ്ഥാപനങ്ങള്‍ കനിയണമെന്നതാണ് സ്ഥിതി. ഒടുവില്‍ എത്തിയ 10 ഐപിഒകളില്‍ എട്ടിലും ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികളുടെ (സ്ഥാപന ഇതര നിക്ഷേപകര്‍) പങ്കാളിത്തം ദുര്‍ബലമായിരുന്നു.
സ്വിഗ്ഗി, ഹ്യുണ്ടായ് മോട്ടോര്‍, നിവ ഭൂപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഗോദാവരി ബയോറിഫൈനറീസ് എന്നീ ഐപിഒകളില്‍ സ്ഥാപന ഇതര നിക്ഷേപകര്‍ക്കായി നീക്കിവെച്ച ഓഹരികള്‍ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നില്ല. അതേ സമയം അതിന് മുമ്പുള്ള പത്ത് ഐപിഒകള്‍ സ്ഥാപന ഇതര നിക്ഷേപകര്‍ സബ്‌സ്‌ക്രൈബ് ചെയ്‌തത് 116 മടങ്ങാണ്.
നിവാ ഭുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പബ്ലിക് ഇഷ്യൂവില്‍ സ്ഥാപന ഇതര നിക്ഷേപകര്‍ക്കായി റിസര്‍വ് ചെയ്‌തിരിക്കുന്ന ഓഹരികളുടെ 71% മാത്രമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
അതേ സമയം നിക്ഷേപക സ്ഥാപനങ്ങളുടെ പിന്തുണ ഐപിഒ 1.9 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ സഹായകമായി. സ്വിഗ്ഗിയുടെ 11,327 കോടി രൂപയുടെ ഐപിഒയില്‍ സ്ഥാപന ഇതര നിക്ഷേപകര്‍ സബ്‌സ്‌ക്രൈബ് ചെയ്‌തത് 41 ശതമാനം മാത്രമാണ്. മൊത്തം സബ്‌സ്‌ക്രിപ്‌ഷന്‍ 3.59 മടങ്ങായിരുന്നു.
ഹ്യുണ്ടായി മോട്ടോറിന്റെ റെക്കോഡ് സൃഷ്‌ടിച്ച ഐപിഒയില്‍ സ്ഥാപന ഇതര നിക്ഷേപകര്‍ക്കായി റിസര്‍വ് ചെയ്‌തിരിക്കുന്ന ഓഹരികളുടെ 60% മാത്രമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ചില്ലറ നിക്ഷേപകരും ഈ ഐപിഒയോടെ വിമുഖത കാട്ടി.
ചില്ലറ നിക്ഷേപകര്‍ 50 ശതമാനം മാത്രമാണ് സബ്‌സ്‌ക്രൈബ് ചെയ്‌തത്. ഗ്രേ മാര്‍ക്കറ്റ് പ്രീമിയം കുത്തനെ കുറഞ്ഞതാണ് ഉയര്‍ന്ന ആസ്‌തിയുള്ള നിക്ഷേപകരുടെ പങ്കാളിത്തം ഐപിഒകളില്‍ കുറയാന്‍ പ്രധാനമായും കാരണമായത്.
സ്വിഗ്ഗി, ഹ്യുണ്ടായ് മോട്ടോര്‍, നിവ ഭൂപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഗോദാവരി ബയോറിഫൈനറീസ് തുടങ്ങിയ ഐപിഒകളുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം വളരെ കുറവായിരുന്നു. ലിസ്റ്റിംഗ് നേട്ടം നല്‍കാന്‍ സാധ്യതയില്ലെന്ന സൂചന ഉയര്‍ന്ന ആസ്‌തിയുള്ള നിക്ഷേപകരെ പിന്തിരിപ്പിച്ചു.
ഈ ഐപിഒകള്‍ മികച്ച ലിസ്റ്റിംഗ് നേട്ടം നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്‌തു.