ന്യൂഡൽഹി: സുപ്രീംകോടതി വിധിച്ചപോലെ യഥാർഥശമ്പളത്തിന് ആനുപാതികമായ പി.എഫ്. പെൻഷൻ കാത്തിരിക്കുന്നവർ നിരാശപ്പെടേണ്ടിവരും. പെൻഷൻ കണക്കാക്കാൻ ഇ.പി.എഫ്.ഒ. അവലംബിക്കുന്ന രീതിയിൽ ഒളിഞ്ഞിരിക്കുന്ന രണ്ടു കുരുക്കുകളാണ് പി.എഫ്. അംഗങ്ങൾക്ക് വിനയാകുന്നത്. 2014 സെപ്റ്റംബർ ഒന്നിനുമുമ്പും ശേഷവുമുള്ള സേവനകാലയളവിനെ വെവ്വേറെ പരിഗണിച്ചുള്ള കണക്കുകൂട്ടലാണ് ലക്ഷക്കണക്കിനാളുകൾക്ക് തിരിച്ചടിയാകുന്നത്.
സുപ്രീംകോടതിയുടെ 2022 നവംബർ നാലിലെ വിധിപ്രകാരം ഉയർന്ന പെൻഷൻ എങ്ങനെ കണക്കാക്കണമെന്ന് വ്യക്തമാക്കി പി.എഫ്. ഓഫീസുകളിൽ നൽകിയ ആഭ്യന്തരസർക്കുലറിൽ ഉദാഹരണസഹിതമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പെൻഷൻ കണക്കാക്കാനുള്ള ഫോർമുലയിൽ മാറ്റംവരുത്താതെതന്നെ അവലംബിക്കുന്ന രീതിയിലാണ് ‘ചതി’ ഒളിഞ്ഞിരിക്കുന്നത്.
പെൻഷനബിൾ ശമ്പളത്തെ പെൻഷനബിൾ സർവീസുകൊണ്ട് ഗുണിച്ചശേഷം 70 കൊണ്ട് ഹരിക്കുന്നതാണ് പെൻഷൻ ഫോർമുല. ഇതിൽ പെൻഷനബിൾ ശമ്പളവും സർവീസും 2014 സെപ്റ്റംബർ ഒന്നിനുമുമ്പും ശേഷവുമായി വേർതിരിക്കുമ്പോഴാണ് പെൻഷൻ കുറയുന്നത്.
അങ്ങനെവന്നാൽ സുപ്രീംകോടതി വിധിച്ചതിന്റെ അന്തസ്സത്തയ്ക്കെതിരാകുമെന്ന് പെൻഷൻകാർ ചൂണ്ടിക്കാട്ടുന്നു. മേൽപ്പറഞ്ഞ തീയതിക്കുശേഷം വിരമിക്കുന്നവരേയാണ് ഇത് ബാധിക്കുക.
അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയാണ് പെൻഷനബിൾ ശമ്പളം.
എന്നാൽ, അതിനുപകരം 2014 സെപ്റ്റംബർ ഒന്നുവരെയുള്ള സേവനകാലയളവിനെയും അക്കാലത്തെ ശമ്പളത്തെയും പരിഗണിച്ച് അതുവരെയുള്ള പെൻഷൻ കണക്കാക്കും.
ബാക്കിയുള്ള കാലയളവിലേതും ഇതുപോലെ പ്രത്യേകമായി പരിഗണിക്കും. അവസാന കാലത്താണ് ശമ്പളം ഉയർന്നിരിക്കുക എന്നതിനാൽ 2014 വരെയുള്ളത് പ്രത്യേകമായി കണക്കാക്കുകവഴി പെൻഷൻ കുറയും.
വെയിറ്റേജിന്റെ കാര്യത്തിലാണ് രണ്ടാമത്തെ കുരുക്ക്. ഇരുപതു വർഷത്തിലേറെ സർവീസുള്ളവർക്ക് രണ്ടുവർഷ വെയിറ്റേജ് നൽകാറുണ്ട്. ഇത് 2014-നുമുമ്പത്തെ കാലയളവിൽ നൽകാനാണ് തീരുമാനം.
അതായത്, കുറഞ്ഞ ശമ്പളകാലത്താണ് രണ്ടുവർഷത്തെ സർവീസ് അധികമായി കണക്കാക്കുന്നത്. ഇതുവഴി വീണ്ടും പെൻഷൻ കുറയും.
പെൻഷൻ കണക്കാക്കാൻ അവസാന 60 മാസത്തെ ശരാശരി ശമ്പളമാണ് കണക്കാക്കുകയെന്ന് വ്യക്തമാക്കി ഇ.പി.എഫ്.ഒ. ഇക്കഴിഞ്ഞ ജൂണിലും ഡിസംബറിലും എഫ്.എ.ക്യു. (തുടർച്ചയായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ) ഇറക്കിയിരുന്നു.
എന്നാൽ, അതിന് വിരുദ്ധമായുള്ള ഇപ്പോഴത്തെ നടപടി സുപ്രീംകോടതി വിധിയുടെ അന്തസ്സത്തയ്ക്കെതിരാണെന്ന് വിലയിരുത്തപ്പെടുന്നു.