2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് എടിഎഫ് വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ ഉയരാന്‍ സാധ്യത തെളിഞ്ഞു. വെള്ളിയാഴ്ച ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഡൽഹിയിലെ ജെറ്റ് ഇന്ധന വില (എടിഎഫ്) 14% വർധിപ്പിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 24% വർധന വിമാന യാത്രാനിരക്കുകളില്‍ ഉണ്ടായി. ഉല്‍സവ സീസണില്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ ചെലവേറിയതാകും.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയില്‍ കമ്പനികളുടെ വിലവിജ്ഞാപനം അനുസരിച്ച്, സെപ്റ്റംബർ ഒന്നിന് എടിഎഫ് വില കിലോലിറ്ററിന് 20,295.2 രൂപ വർധിച്ച് 1.12 ലക്ഷം രൂപയ്ക്ക് മുകളിലായി. തുടർച്ചയായി മൂന്നാം തവണയാണ് വിമാന ഇന്ധനത്തിന്റെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചത്.
ഓഗസ്റ്റ് ഒന്നിന്, എടിഎഫിന്റെ വില 8.5 ശതമാനം വർധിപ്പിച്ചു. ജൂലൈയില്‍ 1.65 ശതമാനം വര്‍ധനയും നടപ്പിലാക്കിയിരുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ മുൻ മാസത്തെ ശരാശരി അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തീയതി എടിഎഫ് വിലകൾ പരിഷ്കരിക്കുന്നു.
അതേസമയം, ഗാർഹിക, വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ കുറച്ചിട്ടുണ്ട്. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന്‍റെ മുന്നോടിയാണ് ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.