ന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പിന് പുറകെ മറ്റൊരു കോര്‍പറേറ്റ സ്ഥാപനത്തെ ലക്ഷ്യം വച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. പേരുവെളിപ്പെടുത്താതെ, ഒരു സ്ഥാപനത്തിനെതിരായ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്ന് യുഎസ് ആസ്ഥാനമായ ഷോര്‍ട്ട് സെല്ലര്‍ ട്വീറ്റില്‍ അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 150 ബില്യണ്‍ ഡോളറിലധികം ചോര്‍ന്നിരുന്നു.
അതിന് ശേഷം നെറ്റ് ആന്‍ഡേഴ്‌സണ്‍ നടത്തുന്ന സ്ഥാപനം വാര്‍ത്തകളില്‍ നിറഞ്ഞു. ജനുവരി 24 നാണ് അമേരിക്കന്‍ ഷോര്‍ട്ട്സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ഷെല്‍ കമ്പനികള്‍ വഴി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപം, അക്കൗണ്ട് കൃത്രിമത്വം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ ആരോപണങ്ങളാണ് അവര്‍ ഉയര്‍ത്തിയത്.
കമ്പനിയില്‍ തങ്ങള്‍ക്ക് ഷോര്‍ട്ട് പൊസിഷനുകളുണ്ടെന്നും അവര്‍ വെളിപെടുത്തി. തുടര്‍ന്ന് അദാനി ഓഹരികള്‍ തകര്‍ച്ച വരിച്ചു. ഏറ്റവും വലിയ ആഭ്യന്തര പോര്‍ട്ടഫോളിയോ നിക്ഷേപകരായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) നേരിട്ട നഷ്ടം തകര്‍ച്ചയുടെ ആഘാതം വെളിപെടുത്തുന്നു.
16,580 കോടി രൂപയാണ് എല്‍ഐസി നിക്ഷേപത്തില്‍ നിന്നും ചോര്‍ന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ ഒരു ഷോര്‍ട്ട്സെല്ലറുടെ കെട്ടുകഥകള്‍ എന്ന് തള്ളികളയുകയാണ് അദാനി. പുതിയ ട്വീറ്റില്‍, ന്യൂയോര്‍ക്ക് ആസ്ഥാനമായ ഗവേഷണ സ്ഥാപനം, റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പങ്ക് വയ്ക്കുന്നില്ല.