
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആക്ടിവിസ്റ്റ് ഷോര്‍ട്ട് സെല്ലര്‍മാരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അദാനി ഗ്രൂപ്പ്, ദശാബ്ദങ്ങളായി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ടിംഗ് തട്ടിപ്പ് പദ്ധതികളിലും ഏര്‍പ്പെടുകയാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് വ്യക്തികളുമായി സംസാരിച്ചും ആയിരക്കണക്കിന് രേഖകള്‍ അവലോകനം ചെയ്തുമാണ് റിപ്പോര്‍ട്ടെന്ന് പറയുന്ന സ്ഥാപനം ,കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്താലും അന്താരാഷ്ട്ര ബന്ധങ്ങളുപയോഗിച്ചുമാണ് തട്ടിപ്പ്. അതേസമയം തങ്ങള്‍ നടത്താനുദ്ദേശിക്കുന്ന ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ജൂഗേഷിന്ദര്‍ സിംഗ് പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ പ്രശസ്തി തകര്‍ക്കാനുള്ള ധിക്കാരപരവും ദുരുദ്ദേശ്യപരവുമായ നീക്കമാണിത്.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സമയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള ഏകപക്ഷീയവും അടിസ്ഥാനരഹിതവുമായ റിപ്പോര്‍ട്ട് നിക്ഷേപകരെ സ്വാധീനിക്കില്ലെന്ന് കമ്പനി പറഞ്ഞു. എല്ലാ നിയമങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുകയും കോര്‍പ്പറേറ്റ് ഭരണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ചെയ്യുന്നുവെന്നും കമ്പനി പറയുന്നു.