മുംബൈ: കമ്പനിയുടെ ആദ്യ ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി ചെമ്പ് അയിര് ഉൽപ്പാദനം പ്രതിവർഷം 12.2 ദശലക്ഷം ടണ്ണായി ഉയർത്താൻ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (എച്ച്‌സിഎൽ) പദ്ധതിയിടുന്നു. ഒരു പൊതുമേഖല കമ്പനിയാണ് എച്ച്‌സിഎൽ.
2022 സാമ്പത്തിക വർഷത്തെ കമ്പനിയുടെ ചെമ്പ് അയിര് ഉൽപ്പാദനം 3.57 ദശലക്ഷം ടൺ (MT) ആയിരുന്നു. അടുത്ത 7 മുതൽ 8 വർഷത്തിനുള്ളിൽ അതിന്റെ അയിര് ഖനന ശേഷി 9 ദശലക്ഷം ടൺ വർധിപ്പിക്കാന്നാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എച്ച്സിഎൽ അറിയിച്ചു. കൂടാതെ ആദ്യഘട്ട ശേഷി വിപുലീകരണ പദ്ധതി പൂർത്തീകരിച്ചതിന് ശേഷം ഉൽപ്പാദനം 20.2 എംടിപിഎ ആയി ഉയർത്താനും കമ്പനി പദ്ധതിയിടുന്നു.
മലഞ്ച്ഖണ്ഡ് കോപ്പർ പ്രോജക്ടിന്റെ (എംസിപി) നിർദ്ദിഷ്ട വിപുലീകരണം നിലവിലുള്ള ഒരു ഭൂഗർഭ ഖനി വികസിപ്പിച്ച് അയിര് ഉൽപാദന ശേഷി 2.0 മുതൽ 5.0 എംടിപിഎ വരെ വർദ്ധിപ്പിക്കുമ്പോൾ, പടിഞ്ഞാറൻ മേഖലയിലെ ഖനികളുടെ നിർദിഷ്ട വിപുലീകരണം അയിര് ഉൽപാദന ശേഷി നിലവിലുള്ള 1.0 ൽ നിന്ന് 3.0 എംടിപിഎ ആയി വർദ്ധിപ്പിക്കുമെന്ന് എച്ച്സിഎൽ പറഞ്ഞു.
അടച്ച ഖനികൾ വീണ്ടും തുറക്കുന്നതിനും ഇന്ത്യൻ കോപ്പർ കോംപ്ലക്‌സിന്റെ (ഐസിസി) സിംഗ്‌ബം കോപ്പർ ബെൽറ്റിലെ പുതിയ ഭൂഗർഭ ഖനി വികസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കമ്പനി ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വിറ്റുവരവ് 1,812.21 കോടി രൂപയായിരുന്നു.