Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ഹോണ്ട-നിസാൻ ലയനനീക്കം പൊളിയുന്നു

ലോകത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളും ഈ രംഗത്തെ മുൻനിര ജാപ്പനീസ് ബ്രാൻഡുകളുമായ ഹോണ്ട മോട്ടോറും നിസാൻ മോട്ടോറും തമ്മിലെ ലയനനീക്കം പൊളിയുന്നു.

നിസാനെ ഉപകമ്പനിയാക്കി മാറ്റാനുള്ള നിബന്ധനകളാണ് ലയന ഉടമ്പടികളിലുള്ളതെന്നും ഇതു സ്വീകാര്യമല്ലെന്നും ചൂണ്ടിക്കാട്ടി നിസാനാണ് ലയനനീക്കത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് സൂചന. നിസാന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഉടൻ ചേർന്ന് ലയനനീക്കം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചേക്കും.

ജപ്പാനിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് ഹോണ്ട. നിസാൻ മൂന്നാമത്തെയും. ടൊയോട്ടയാണ് ഏറ്റവും വലിയ കമ്പനി. നിസാനും ഹോണ്ടയും ലയിച്ചാൽ, വിൽപനക്കണക്കിന്റെ അടിസ്ഥാനത്തിൽ പിറക്കുക ലോകത്തെ മൂന്നാമത്തെ വലിയ കാർ നിർമാണക്കമ്പനിയായിരിക്കും.

ഹോണ്ട, നിസാൻ, നിസാന് 24% ഓഹരിപങ്കാളിത്തമുള്ള മറ്റൊരു പ്രമുഖ ജാപ്പനീസ് ബ്രാൻഡായ മിത്സുബിഷി എന്നിവ തമ്മിൽ ലയിക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ചകൾ.

ടൊയോട്ട, ടെസ്‍ല എന്നിവയും ബിവൈഡി ഉൾപ്പെടെയുള്ള ചൈനീസ് ഇലക്ട്രിക് വാഹനക്കമ്പനികളും ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കുക ഉന്നമിട്ടാണ് നിസാനും ഹോണ്ടയും ലയന ചർച്ചകളിലേക്ക് കടന്നത്.

ഇവിക്കു പകരം ഹൈബ്രിഡ് മോഡലുകൾക്ക് ഊന്നൽ നൽകിയത് ആഗോള വിപണിയിൽ ഹോണ്ടയ്ക്ക് ക്ഷീണമായിരുന്നു. മൂല്യത്തകർച്ച, സാമ്പത്തികഞെരുക്കം എന്നിവ തരണം ചെയ്യുകയെന്ന ലക്ഷ്യവുമായാണ് ലയനചർച്ചകളിലേക്ക് നിസാനും കടന്നത്.

നേരത്തേ, ലയിച്ചുണ്ടാകുന്ന കമ്പനിയിൽ ഹോണ്ടയ്ക്കും നിസാനും തുല്യപ്രധാന്യം കിട്ടുന്ന വിധമായിരുന്നു ചർച്ചകൾ. ഇതിൽ നിന്ന് ഹോണ്ട, നിസാനെ ഉപകമ്പനിയാക്കുംവിധം നിബന്ധനകളിലേക്ക് കടന്നതും കൂടുതൽ അധികാരം ഉറപ്പാക്കാൻ ശ്രമിക്കുന്നതുമാണ് നിസാന്റെ മനംമാറ്റത്തിന് പിന്നിലെന്ന് ജാപ്പനീസ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലയനനീക്കം പൊളിയുന്നെന്ന പശ്ചാത്തലത്തിൽ പക്ഷേ, ജാപ്പനീസ് ഓഹരി വിപണിയിൽ (നിക്കേയ് സൂചിക) ഹോണ്ടയുടെയും നിസാന്റെയും ഓഹരിവിലകൾ ഉയർന്നു.

നിസാന്റെ ഓഹരിവില 7.4 ശതമാനവും ഹോണ്ടയുടേത് 4.2 ശതമാനവും കുതിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു ലയന ചർച്ചകളിലേക്ക് കടക്കുന്നതായി ഹോണ്ടയും നിസാനും പ്രഖ്യാപിച്ചത്. അന്നും ഇരു കമ്പനികളുടെയും ഓഹരികൾ മുന്നേറിയിരുന്നു.

X
Top