മുംബൈ: നിയമനങ്ങള്‍ ഉയര്‍ത്തി ഹോസ്പിറ്റാലിറ്റി മേഖല. അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ ഹോട്ടല്‍, ടൂറിസം, റസ്റ്റൊറന്റ് മേഖലകളില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.
സ്റ്റാഫിംഗ് സേവന സ്ഥാപനമായ ടീംലീസ് സര്‍വീസസാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
കൊവിഡ് കാലത്തെ കൂട്ട പിരിച്ച് വിടലിനെ തുടര്‍ന്നുണ്ടായ. ഒഴിവു നികത്തലാണ് ലക്ഷ്യം. രാജ്യം ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയിരിക്കുകയാണ്.
പുതിയ നിയമനങ്ങളില്‍ പകുതിയോളം വരുന്നത് ഹോട്ടല്‍ വ്യവസായത്തിലായിരിക്കുമെന്ന് ടീംലീസിന്റെ വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍, ഹോസ്പിറ്റാലിറ്റി, ഇ-കൊമേഴ്സ് മേധാവിയുമായ ബാലസുബ്രഹ്‌മണ്യന്‍ എ പറഞ്ഞു.
വിനോദ സഞ്ചാരം, ബിസിനസ് യാത്രകള്‍ എന്നിവയില്‍ ഗണ്യമായ വര്‍ധന കൊവിഡിന് ശേഷമുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ഹോട്ടലുകള്‍ ആരംഭിക്കുകയും നിലവിലുള്ളവ വിപുലീകരിക്കുന്നതുമായ നടപടികള്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നത്.
സ്ഥിരം നിയമനത്തിനൊപ്പം കരാര്‍ വ്യവസ്ഥയിലും നിയമനങ്ങള്‍ നടത്താനാണ് കമ്പനികളുടെ ശ്രമം. ഫ്രണ്ട് ഡെസ്‌ക് ഏജന്റ്, കണ്‍സേര്‍ജ്, ഗസ്റ്റ് റിലേഷന്‍സ് മാനേജര്‍, ഹൗസ് കീപ്പിംഗ്, മെയിന്റനന്‍സ് സ്റ്റാഫ് എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും ജീവനക്കാരെ ആവശ്യമായുള്ളത്.
മിക്ക ചെറുകിട, ഇടത്തരം ഹോട്ടലുകളിലും പ്രതിമാസം 30 ശതമാനം മുതല്‍ 50 ശതമാനം വരെ നിയമനം വര്‍ദ്ധിക്കുന്നതിലേക്ക് ശ്രദ്ധ ചെലുത്തുന്നതായാണ് വിലയിരുത്തല്‍.