പുരവഞ്ചി മേഖലയില് തൊഴിലാളികളുടെ ശമ്പളം വര്ധിപ്പിച്ചതിനു പിന്നാലെ നിരക്കുയര്ത്തി ഉടമകള്. 25 ശതമാനം വരെ നിരക്കുവര്ധന അനിവാര്യമാണെന്ന് ഉടമകള് പറയുന്നു.
ശരാശരി 20-25 ശതമാനം കൂടുതല് തുക നല്കിയാല് മാത്രമേ ഇനി പുരവഞ്ചി സഞ്ചാരം സാധ്യമാകൂ. നിരക്കുവര്ധന സാധാരണക്കാരായ വിനോദസഞ്ചാരികള്ക്ക് ഇരുട്ടടിയാകും.
തൊഴിലാളികള്ക്കു ശമ്പളം വര്ധിപ്പിച്ചു നല്കിയതിന്റെ ആഘാതം ഏല്ക്കുന്നത് സഞ്ചാരികള്ക്കാണെന്നു മാത്രം. ഒരു മുറിയുള്ള പുരവഞ്ചികളുള്ള ഇടത്തരക്കാരായ ഉടമകള് മേഖലയില് നിലനില്ക്കാന് ഏറെപ്രയാസപ്പെടും. നിരക്കുവര്ധന നിലവില് വരുമ്പോള് മത്സരയോട്ടവും നിലവില് വരുമെന്നാണു മേഖലയിലുള്ളവര് പറയുന്നത്.
ലൈസന്സും മറ്റ് രേഖകളുമില്ലാത്ത അനധികൃത പുരവഞ്ചികള്ക്കു കുറഞ്ഞനിരക്കില് ഓടാന് സാധിക്കും. എന്നാല് ഇതു സുരക്ഷാപ്രശ്നങ്ങള്ക്കു കാരണമാകും.