
അവോക്കാഡോ സ്ഥിരമായി കഴിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കുകയും ആരോഗ്യകരമായ ബാക്ടീരിയകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അവോക്കാഡോ ഭക്ഷണത്തിന്റെ ഭാഗമാക്കുക വഴി കുടലിന്റെ ആരോഗ്യം വര്‍ധിക്കുമെന്നും ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കുമെന്നും ലോക അവോക്കാഡോ സംഘടന സമീപകാലത്ത് നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
ഈ പഠനവുമായി ബന്ധപ്പെട്ട് ദഹനനാളത്തിന്റെ മികച്ച ആരോഗ്യത്തിനായി ലോക അവോക്കാഡോ സംഘടന അവോക്കാഡോ ഉള്‍പ്പെടുത്തി രണ്ട് പാചകക്കുറിപ്പുകളും പങ്കിടുന്നുണ്ട്. രോഗപ്രതിരോധ സംവിധാനത്തിന്റെ 70% ത്തിലധികം കുടലിലാണുള്ളത്. അവോക്കാഡോയിലുള്ള ആരോഗ്യകരമായ ബാക്ടീരിയകള്‍ ദോഷകരമായ ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകള്‍ ഉല്‍പാദിപ്പിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ജേണല്‍ ഓഫ് ന്യൂട്രീഷന്‍ നടത്തിയ ഗവേഷണത്തില്‍ അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെയും ആന്റിഓക്‌സിഡന്റുകളുടെയും എണ്ണവും അവയുടെ ബയോകെമിക്കല്‍ സാന്നിധ്യവും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന വിവിധതരം പോഷകങ്ങളാല്‍ അവോക്കാഡോകള്‍ സമ്പന്നമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവോക്കാഡോയില്‍ കുടല്‍ നീര് കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ടെന്നും ഇതില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ നിരവധി വിറ്റാമിനുകളും ധാതുക്കളും ഉള്‍പ്പെടുന്നതായും ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ക്ക് പ്രീബയോട്ടിക്കുകളായി (കുടലിലെ പ്രയോജനകരമായ ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണം) പ്രവര്‍ത്തിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. അവോക്കാഡോ പോലുള്ള നാരുകളുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗം, ഹൃദയാഘാതം, ടൈപ്പ് 2 പ്രമേഹം, കുടല്‍ കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
അവോക്കാഡോ കേവലം പഴം എന്നതിനപ്പുറം പോഷക കലവറയാണെന്ന് ലോക അവോക്കാഡോ സംഘടന വ്യക്തമാക്കുന്നു. അവോക്കാഡോയെ നിത്യജീവിതത്തില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുക വഴി ഈ പോഷകഗുണങ്ങള്‍ നേടാനാകുമെന്ന് ഡയറ്റീഷ്യനും പോഷകാഹാര വിദഗ്ധയുമായ റിമ റാവു പറയുന്നു.