ന്യൂഡല്‍ഹി: ഡിജിറ്റല്‍ രൂപയുടെ ചെറുകിട പ്രയോജനക്ഷമത പരീക്ഷണാടിസ്ഥാനത്തില്‍ നടക്കുകയാണ്. തെരഞ്ഞെടുത്ത ചെറു ഗ്രൂപ്പിലാണ് പരീക്ഷണം. ഒരു മൊബൈല്‍ ആപ്പ് വഴി, ടോക്കണ്‍ അധിഷ്ഠിത ഡിജിറ്റല്‍ രൂപയിലൂടെ പേയ്മെന്റുകള്‍ നടത്താനോ സ്വീകരിക്കാനോ കഴിയും. അതേസമയം, ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) നിലവില്‍ ഉപയോഗിക്കുന്നുണ്ട് താനും.
റിസര്‍വ് ബാങ്കിന്റെ ഇ-രൂപ യുപിഐയില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
1) ഇ രൂപ ഡിജിറ്റല്‍ രൂപത്തിലുള്ള ഒരു കറന്‍സിയും യുപിഐ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമാണ് എന്നതാണ് പ്രധാന വ്യത്യാസം.
2)ഓരോ യുപിഐ ഇടപാടിലും ബാങ്ക് ഇടനിലക്കാരാകുന്നുണ്ട്. ഓരോ യുപിഐ ആപ്പിലും ബാങ്ക് അക്കൗണ്ട് ഡെബിറ്റ് ചെയ്യുകയും സ്വീകര്‍ത്താവിന്റെ ബാങ്കിലേയ്ക്ക് പണം അയക്കപ്പെടുകയും ചെയ്യുന്നു. ബാങ്ക് അക്കൗണ്ടിലെ പണം നിങ്ങള്‍ക്ക് പേപ്പര്‍ കറന്‍സിയായി പിന്‍വലിക്കുകയോ വാലറ്റില്‍ സൂക്ഷിക്കുകയോ ചെയ്യാം. അതേസമയം സിബിസിഡി(സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ രൂപ)യുടെ കാര്യത്തില്‍ സാങ്കല്‍പിക രൂപ മൊബൈല്‍ വാലറ്റിലാണ് സൂക്ഷിക്കുക. പണം കൈമാറ്റം ചെയ്യപ്പെടുന്നത് വാലറ്റില്‍ നിന്നും വാലറ്റിലേയ്ക്കായിരിക്കും. ബാങ്കിന്റെ ഇടപെടല്‍ ഇവിടെയുണ്ടാകില്ല.
3) ഭൗതിക പണത്തിന് സമാനമായി, നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇ രൂപ പിന്‍വലിക്കുകയും അത് ഫോണ്‍ വാലറ്റില്‍ സൂക്ഷിക്കുകയും ചെയ്യാം. വാലറ്റില്‍ നിന്നുള്ള പണമാണ് പിന്നീട് കടകളില്‍ ചെലവഴിക്കുക. അതേസമയം യുപിഐ ഉപയോഗിക്കുമ്പോള്‍ പണം ഷോപ്പുടമയുടെ അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിങ്ങള്‍ ബാങ്കിനോട് നിര്‍ദ്ദേശിക്കുകയാണ് ചെയ്യുന്നത്.
4) യുപിഐ ഒരു പേയ്മെന്റ് പ്ലാറ്റ്ഫോമാണ്.് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ്-ബാങ്കിംഗ്, മൊബൈല്‍ വാലറ്റ് തുടങ്ങിയവ പോലെ അത് ഉപയോഗിക്കാം. ഇരൂപ അഥവാ ഡിജിറ്റല്‍ രൂപ ഡിജിറ്റല്‍ രൂപത്തില്‍ മൊബൈലില്‍ സൂക്ഷിക്കുകയും ഭൗതിക പണം ചെലവഴിക്കുന്നത് പോലെ ചെലവഴിക്കുകയും ചെയ്യാം.
5)യുപിഐ ഉപയോഗിച്ച് പണം ചെലഴിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ടിലെ തുകയാണ് കുറയുന്നത്. അതേസമയം ഇ-രൂപ ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ വാലറ്റ് കാലിയാകും.
6) പരമാധികാര കറന്‍സിയുടെ ഇലക്ട്രോണിക് രൂപമായ സിബിഡിസി, ആര്‍ബിഐ ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇടനിലക്കാരില്ല.അതിനാല്‍, ഇ-രൂപയിലുള്ള പേയ്മെന്റുകള്‍ നേരിട്ടുള്ളതും തല്‍ക്ഷണവുമാണ്.
7)ഡിജിറ്റല്‍ രൂപയുടെ ഏറ്റവും വലിയ ഗുണം അത് സ്വകാര്യമായി ചെലഴിക്കാമെന്നതാണ്. ബാങ്കുകളുമായോ മറ്റ് മൂന്നാം കക്ഷികളുമായോ വിവരങ്ങള്‍ പങ്കിടേണ്ടതില്ല.