മുംബൈ: തുടർച്ചയായ രണ്ടാം പാദത്തിലും നഷ്ടം രേഖപ്പെടുത്തി സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ). 2022 സെപ്തംബർ പാദത്തിൽ റിഫൈനറുടെ അറ്റനഷ്ടം 2,475 കോടി രൂപയാണ്. കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനി 8557 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.
സർക്കാർ നൽകിയ 5617 കോടി രൂപയുടെ ഒറ്റത്തവണ എൽപിജി ഗ്രാന്റ് കാരണം സെപ്റ്റംബർ പാദത്തിൽ അറ്റനഷ്ടം കുറഞ്ഞതായി കമ്പനി അറിയിച്ചു. ഉയർന്ന ഇൻപുട്ട് ചെലവുകളും തൽഫലമായുണ്ടാകുന്ന മാന്ദ്യമായ മാർക്കറ്റിംഗ് മാർജിനുകളും കമ്പനിയുടെ ലാഭക്ഷമതയെ ബാധിച്ചതായി എച്ച്പിസിഎൽ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
2022 ജൂലായ്-സെപ്തംബർ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1,14,172 കോടി രൂപയായിരുന്നു. ഇത് മുൻവർഷത്തെ ഇതേ കാലയളവിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തേക്കാൾ 30% വളർച്ച രേഖപ്പെടുത്തി.
ഈ പാദത്തിലെ മൊത്തം റിഫൈനിംഗ് മാർജിൻ ബാരലിന് 8.24 ഡോളറാണ്. കൂടാതെ മുംബൈയിലെയും വിശാഖ പട്ടണത്തിലെയും എച്ച്പിസിഎൽ റിഫൈനറികൾ 2022 ജൂലൈ-സെപ്തംബർ കാലയളവിൽ 4.49 മില്യൺ മെട്രിക് ടൺ (എംഎംടി) ക്രൂഡ് പ്രോസസ് ചെയ്തു. വെള്ളിയാഴ്ച എൻഎസ്ഇയിൽ കമ്പനിയുടെ ഓഹരി 3.15 ശതമാനം ഇടിഞ്ഞ് 204.05 രൂപയിലെത്തി.