മുംബൈ: 2023 സാമ്പത്തിക വർഷത്തേക്ക് 20,000 കോടി രൂപയുടെ ധനസമാഹരണം നടത്താൻ ഹഡ്‌കോയ്ക്ക് ബോർഡിൻറെ അനുമതി ലഭിച്ചു. 2022 ജൂലൈ 27 ന് ചേർന്ന ഹൗസിംഗ് & അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ബോർഡ് യോഗം റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി ബോണ്ടുകൾ അല്ലെങ്കിൽ കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്യുന്നതിലൂടെ ഫണ്ട് സ്വരൂപിക്കാനുള്ള 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കമ്പനിയുടെ വാർഷിക റിസോഴ്‌സ് പ്ലാനിന് അംഗീകാരം നൽകിയതായി സ്ഥാപനം റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ പരമാവധി 22,000 കോടി രൂപ വരെ സമാഹരിക്കാനാണ് ഹഡ്‌കോ പദ്ധതിയിടുന്നത്.
ധന സമാഹരണ പദ്ധതിക്ക് ബോർഡിൻറെ അനുമതി ലഭിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 0.28 ശതമാനത്തിന്റെ നേരിയ നേട്ടത്തിൽ 36.00 രൂപയിലാണ് വ്യാപാരം നടത്തിയത്. ഇന്ത്യയിൽ ഭവന, യൂട്ടിലിറ്റി ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ നൽകുന്ന പ്രമുഖ കമ്പനിയാണ് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ലിമിറ്റഡ് (HUDCO). വിവിധ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വായ്പകളും സാമ്പത്തിക സഹായങ്ങളും, ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിങ് സേവനങ്ങളും ഹഡ്കോ വാഗ്ദാനം ചെയ്യുന്നു.