ഭവന വില്‍പ്പനയില്‍ ഏഴ് ശതമാനം ഇടിവ്വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി ഇടിയുന്നുആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നു

ആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്

ന്യൂഡൽഹി: ഇന്ത്യന്‍ ആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (dgca) പുതിയ കണക്കനുസരിച്ച് നവംബര്‍ മാസത്തില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് റെക്കോര്‍ഡ് വളര്‍ച്ചയാണ്.

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ആകാശ് എയര്‍ എന്നീ കമ്പനികളാണ് പ്രധാനമായും ഈ കുതിപ്പില്‍ മുന്നില്‍ നിന്നത്. ഈ മൂന്ന് എയര്‍ലൈനുകളിലുമായി 1.25 കോടി യാത്രക്കാരാണ് ആഭ്യന്തര യാത്ര നടത്തിയത്. വിമാന കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടായ മാസമായിരുന്നു നവംബര്‍. ഡല്‍ഹി വിമാനത്താവളം വഴി ഏറ്റവുമധികം യാത്രക്കാര്‍ സഞ്ചരിച്ചതും നവംബറിലാണ്.

ഒരു മാസത്തില്‍ ഒരു കോടി യാത്രക്കാരുമായി പറന്ന ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയെന്ന സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്‍ഡിഗോ. നവംബറില്‍ ഒരു കോടി യാത്രക്കാരാണ് ഇന്‍ഡിഗോ ഉപയോഗിച്ചത്. ഇതില്‍ 90 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരായിരുന്നു.

കമ്പനിയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്. ഒക്ടോബറില്‍ 86 ലക്ഷം യാത്രക്കാരും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 85.2 ലക്ഷം യാത്രക്കാരുമാണ് ഇതിനു മുമ്പുള്ള ഉയര്‍ന്ന കണക്കുകള്‍.

ആഭ്യന്തര സെക്ടറില്‍ ഇന്‍ഡിഗോയുടെ പങ്കാളിത്തം 63.3 ശതമാനമായി ഉയര്‍ന്നു. തുടര്‍ച്ചയായി ഏഴ് പാദങ്ങളില്‍ ലാഭമുണ്ടാക്കിയ കമ്പനി കഴിഞ്ഞ പാദത്തില്‍ നഷ്ടമാണ് കാണിച്ചത്. എങ്കിലും കോവിഡിന് മുമ്പുള്ളതിനേക്കാള്‍ ഒന്നര മടങ്ങ് സേവനങ്ങളില്‍ ഇപ്പോള്‍ വര്‍ധനയുണ്ട്.

വിസ്താര എയര്‍ലൈനുമായുള്ള ലയനം എയര്‍ ഇന്ത്യക്ക് നേട്ടമായെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നവംബറില്‍ 34.7 ലക്ഷം പേരാണ് എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്‌സ്പ്രസിലുമായി യാത്ര ചെയ്തത്.

30 ലക്ഷത്തില്‍ കൂടുതല്‍ യാത്രക്കാരെ ഒരു മാസത്തില്‍ എയര്‍ഇന്ത്യക്ക് ലഭിക്കുന്നത് ആദ്യമാണ്. വിസ്താരയുമായുള്ള ലയനത്തിന്റെ പൂര്‍ണ കണക്കുകള്‍ ഡിസംബറിലാണ് വ്യക്തമാകുക. നിലവില്‍ ആഭ്യന്തര സെക്ടറില്‍ എയര്‍ ഇന്ത്യക്ക് 24.4 ശതമാനം വിപണി സാന്നിധ്യമാണുള്ളത്.

6.74 ലക്ഷം യാത്രക്കാരുമായി പറന്ന ആകാശ എയറാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാമത്. 2024 മെയ് മാസത്തിലെ 6.64 ലക്ഷം യാത്രക്കാരുടെ എണ്ണത്തെയാണ് മറികടന്നത്. വിപണിയില്‍ 4.7 ശതമാനത്തിന്റെ സാന്നിധ്യമാണ് മുംബൈ ആസ്ഥാനമായ കമ്പനിക്കുള്ളത്.

പൈലറ്റ് ക്ഷാമം ഉള്‍പ്പടെയുള്ള ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കമ്പനി കടന്നു പോകുന്നത്.
ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന വിപണി വളര്‍ച്ചയുടെ പാതയിലാണെന്നാണ് ഡി.ജി.സി.എയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. നവംബറില്‍ വിവിധ ദിവസങ്ങളില്‍ അഞ്ചു ലക്ഷം യാത്രക്കാരിലേറെ ആഭ്യന്തര യാത്രകള്‍ നടത്തിയിട്ടുണ്ട്.

ഡിസംബറില്‍ ഇത് വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം ആറ് ശതമാനം വരെ വിപണി വളര്‍ച്ചയുണ്ടാക്കുമെന്നാണ് കണക്കു കൂട്ടല്‍.

X
Top