ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളുടെ ആസ്തിഗുണനിലവാരം അര ദശാബ്ദം മുന്‍പുള്ളതിനെ അപേക്ഷിച്ച് മെച്ചപ്പെട്ടതായി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അസറ്റ് ക്വാളിറ്റി റിപ്പോര്‍ട്ട് വെളിപെടുത്തുന്നു. കിട്ടാക്കടം ഗണ്യമായി കുറഞ്ഞു. കേന്ദ്രബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിപിഎ) ഏഴ് വര്‍ഷത്തെ താഴ്ന്ന നിലവാരമായ 5 ശതമാനത്തിലാണുള്ളത്.
അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍എന്‍പിഎ) 10 വര്‍ഷ താഴ്ചയായ 1.3 ശതമാനത്തിലുമെത്തി. സെപ്തംബര്‍ പാദ കണക്കുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പക്ഷെ എഴുതിതള്ളലാണ് കിട്ടാകടങ്ങള്‍ കുറയ്ക്കുന്നത് എന്നത് ആശങ്കയുണര്‍ത്തുന്നു.
കഴിഞ്ഞ 5 സാമ്പത്തിക വര്‍ഷങ്ങളില്‍ 10,09,511 കോടി രൂപയാണ് വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഇതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2 ലക്ഷം കോടി രൂപയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 67214 കോടി രൂപയും ഐഡിബിഐ ബാങ്കിന്റെ 45,650 കോടി രൂപയും ഉള്‍പ്പെടുന്നു. സ്വകാര്യ ബാങ്കുകളില്‍ ഐസിഐസി ബാങ്ക് 50514 കോടി രൂപയും എച്ച്ഡിഎഫ്‌സി ബാങ്ക് 34,782 കോടി രൂപയും വേണ്ടെന്നുവച്ചു.
എഴുതിതള്ളിയ നിഷ്‌ക്രിയ ആസ്തികളില്‍ വലിയൊരുഭാഗം കോര്‍പറേറ്റ് കടമെടുപ്പുകാര്‍ക്ക് നല്‍കുകയാണ്.ഇത്തരം വായ്പകളുടെ റിക്കവറി കഠിനമായ വ്യവഹാരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മേല്‍ സൂചിപ്പിച്ച 10 ലക്ഷം കോടി രൂപയില്‍ പൊതുമേഖല ബാങ്കുകള്‍ 1,030345 കോടി രൂപമാത്രമാണ് തിരിച്ചുപിടിച്ചത്.
കിട്ടാകടങ്ങള്‍ ഒഴിവാക്കി ബാലന്‍സ് ഷീറ്റ് ശുദ്ധീകരിക്കുന്നതില്‍ മുന്നില്‍ സ്വകാര്യബാങ്കുകളാണ്. എഴുതിതള്ളപ്പെട്ട കിട്ടാകടങ്ങളില്‍ മനപൂര്‍വ്വം അടക്കാത്തവരുടെ വായ്പകളും ഉള്‍പ്പെടുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ഡിസംബര്‍ 19 ന് പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ട് പ്രകാരം മനപൂര്‍വ്വം വീഴ്ചവരുത്തിയ 50 ലോണുകളാണ് ലിസ്റ്റിലുള്ളത്.
ഇത് 2022 മാര്‍ച്ച് 31 വരെ 92570 കോടി രൂപയുടേതാണ്. ഇത്തരം വായ്പകളിലെ ഈടുകള്‍ കാലക്രമേണ ക്ഷയിക്കുകയും ബാങ്കുകള്‍ കനത്തനഷ്ടം നേരിടുകയും ചെയ്യും. ആത്യന്തിക നഷ്ടം പൊതുഖജനാവിനാണ്.
ജനങ്ങളുടെ പണമാണ് ഇത്തരത്തില്‍ നഷ്‌പ്പെടുന്നതെന്നിരിക്കെ കിട്ടാകടങ്ങള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍, ഇടപെടല്‍ അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.