Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഒപെക്കിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

ന്യൂഡൽഹി: പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എണ്ണ ഇറക്കുമതിയിൽ 46 ശതമാനം ഇടിവാണ് ഈ വർഷം ഏപ്രിലിൽ രേഖപ്പെടുത്തിയത്. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇടിവാണ്.

റഷ്യയിൽനിന്നു വില കുറച്ചു ലഭിക്കുന്ന എണ്ണ ഇന്ത്യ വൻതോതിൽ വാങ്ങിക്കൂട്ടുന്നതാണ് ഒപെക്കിൽ നിന്നുള്ള ഇറക്കുമതിയിൽ ഇടിവുണ്ടാകാൻ കാരണം.

യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നു ലോകരാഷ്‌ട്രങ്ങൾ റഷ്യക്ക് ഉപരോധമേർപ്പെടുത്തുകയും എണ്ണ വാങ്ങൽ നിർത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ്, റഷ്യ ഇന്ത്യക്കു വില കുറച്ച് എണ്ണ വിൽക്കാൻ തുടങ്ങിയത്.

നിലവിൽ, ഇന്ത്യക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ നൽകുന്ന രാജ്യം റഷ്യയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ, ഇന്ത്യയിലേക്ക് എത്തിയിരുന്ന എണ്ണയിൽ 72 ശതമാനവും ഒപെക്ക് രാജ്യങ്ങളിൽ നിന്നായിരുന്നു.

ഒരുഘട്ടത്തിൽ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ 90 ശതമാനവും ഒപെക്കിൽ നിന്നായിരുന്നു. കഴിഞ്ഞ ഏഴു മാസമായി ഇന്ത്യക്കു ലഭിക്കുന്ന ക്രൂഡിന്‍റെ മൂന്നിലൊന്നും റഷ്യയിൽനിന്നാണ്.

കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യക്കു കൂടുതലായി എണ്ണ നൽകിയിരുന്ന ഇറാക്ക്, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതി മൊത്തത്തിൽ പരിഗണിച്ചാലും നിലവിൽ റഷ്യക്കൊപ്പമെത്തില്ല.

പ്രതിദിനം 16.7 ലക്ഷം ബാരലെന്ന കണക്കിലാണു ഏപ്രിലിൽ റഷ്യ ഇന്ത്യക്ക് എണ്ണ നൽകിയത്. ഒപെക്ക് രാജ്യങ്ങളിൽനിന്നു മൊത്തമായി വാങ്ങിയത് 21 ലക്ഷം ബാരൽ മാത്രം.

ഇത് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 46 ശതമാനമേ വരൂ. ഒരു വർഷം മുമ്പ് ഒപെക്കിൽനിന്നുള്ള ഇറക്കുമതി 72 ശതമാനമായിരുന്നു എന്നതും ഇതിനൊപ്പം ചേർത്തുവായിക്കണം.

ഇറാക്കിൽനിന്ന് 8.1 ലക്ഷവും സൗദിയിൽനിന്ന് 6.7 ലക്ഷവും ബാരലുകളാണ് ഇന്ത്യ പ്രതിദിനം വാങ്ങുന്നത്. യുഎഇയിൽനിന്ന് 1.8 ലക്ഷം ബാരലും അമേരിക്കയിൽനിന്ന് 1.19 ലക്ഷം ബാരൽ എണ്ണയും ഇന്ത്യ വാങ്ങുന്നുണ്ട്.

കഴിഞ്ഞ വർഷം മാർച്ചിൽ 68,600 ബാരൽ എണ്ണ മാത്രമാണ് ഇന്ത്യ റഷ്യയിൽനിന്നു വാങ്ങിയിരുന്നത്. ഈ വർഷം മാർച്ചിൽ അത് 16 ലക്ഷത്തിലേക്കു കുതിച്ചുയർന്നു.

X
Top