ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ബൈജു രവീന്ദ്രന്റെ സമ്പത്തിൽ വൻ ഇടിവ്

ബെംഗളൂരു: 2022 ജൂലൈയില്‍ 360 കോടി ഡോളറായിരുന്നു പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന്റെ ആസ്തി; അതായത് ഏകദേശം 30,000 കോടി രൂപ.

2020ലാണ് ഫോബ്‌സിന്റെ ലോക ശതകോടീശ്വരപ്പട്ടികയില്‍ ബൈജു രവീന്ദ്രന്‍ ആദ്യമായി ഇടംപിടിച്ചത്. അന്ന് ആസ്തി 180 കോടി ഡോളറായിരുന്നു (15,000 കോടി രൂപ). കൊവിഡാനന്തരം ഓണ്‍ലൈന്‍ പഠനങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയതോടെ ബൈജൂസിനും ശുക്രദശയായി.

ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിന്റെയും (Think and Learn) മൂല്യം (Valuation) ഇതോടൊപ്പം കുതിച്ചത് ബൈജുവിന്റെ ആസ്തി കൂടാനും വഴിയൊരുക്കി. 2022 ജൂലൈയില്‍ 2,200 കോടി ഡോളറായിരുന്നു കമ്പനിയുടെ മൂല്യം (1.83 ലക്ഷം കോടി രൂപ).

പിന്നീട് പക്ഷേ, സ്ഥിതി മാറി. ബൈജൂസില്‍ പ്രതിസന്ധിക്കാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങി. കമ്പനിയിലെ പ്രമുഖ നിക്ഷേപകരായ നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ പ്രൊസസ് (Prosus) കമ്പനിയുടെ മൂല്യം വെട്ടിക്കുറച്ചു. 2,200 കോടി ഡോളറില്‍ നിന്ന് മൂന്ന് തവണയായി മൂല്യം വെട്ടിക്കുറച്ച് വെറും 300 കോടി ഡോളറാക്കി (25,000 കോടി രൂപ); ഇടിവ് 80 ശതമാനം.

ബൈജു രവീന്ദ്രന്റെ ആസ്തിയും ഇതോടൊപ്പം കൂപ്പുകുത്തി. 360 കോടി ഡോളറായിരുന്ന ആസ്തി ഇപ്പോള്‍ വെറും 10 കോടി ഡോളറാണ് (833 കോടി രൂപ). ഫോബ്‌സ്, ഹുറൂണ്‍ തുടങ്ങിയ ശതകോടീശ്വര പട്ടികയില്‍ നിന്നെല്ലാം ബൈജു രവീന്ദ്രന്‍ പുറത്താവുകയും ചെയ്തു.

പ്രൊസസിന് പുറമേ മറ്റൊരു നിക്ഷേപകരായ ബ്ലാക്ക്‌റോക്കും ബൈജൂസിന്റെ മൂല്യം വെട്ടിക്കുറച്ചിരുന്നു. 18 മാസത്തിനിടെ 840 കോടി ഡോളറായാണ് (69,900 കോടി രൂപ) കുറച്ചത്.

ജീവനക്കാരെ വെട്ടിക്കുറച്ചും ചെലവ് ചുരുക്കിയും ഉപസ്ഥാപനങ്ങളെ വിറ്റഴിച്ചും കടം വീട്ടാനും സാമ്പത്തിക പ്രതിസന്ധി അകറ്റാനുമുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബൈജൂസ്.

അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 120 കോടി ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) വായ്പ ബൈജൂസ് തിരിച്ചടയ്ക്കാനുണ്ടായിരുന്നു. 6 മാസത്തിനകം വീട്ടാമെന്നാണ് ബൈജൂസിന്റെ വാദ്ഗാനം.

ഇതിനിടെ ഉപസ്ഥാപനമായ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ മണിപ്പാല്‍ ഗ്രൂപ്പ് മേധാവി ഡോ. രഞ്ജന്‍ പൈക്ക് കൈമാറിയതിലൂടെ 1,400 കോടി രൂപയുടെ കടം വീട്ടാന്‍ സാധിച്ചു. അമേരിക്കയിലുള്ള എപിക് (Epic) അടക്കമുള്ള ഉപസ്ഥാപനങ്ങളെയും വിറ്റഴിച്ചേക്കും.

സാമ്പത്തിക പ്രതിസന്ധി മൂലം 2,000ലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കുള്ള പിരിച്ചുവിടല്‍ ആനുകൂല്യം ഇനിയും നല്‍കിയിട്ടുമില്ല. കൂടുതല്‍ ജീവനക്കാരെ കുറയ്ക്കാനും നീക്കമുണ്ട്.

ഇതിനിടെ 1,000ഓളം ജീവനക്കാരുടെ നവംബറിലെ ശമ്പളം കൊടുക്കാന്‍ ബൈജൂസിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 310 അംഗ എന്‍ജിനിയറിംഗ് ടീമിലെ 40 ശതമാനത്തോളം പേരെ ബൈജൂസ് പിരിച്ചുവിട്ടേക്കുമെന്ന് ദ ഹിന്ദു ബിസിനസ് ലൈനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

X
Top