
മുംബൈ: ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്ന പുതുമുഖങ്ങളുടെ എണ്ണത്തിൽ വൻ കുറവ്. 2024 ഫെബ്രുവരിയിൽ പുതുതായി 43.5 ലക്ഷം പേര് ഡിമാറ്റ് അക്കൗണ്ട് (demat account) എടുത്തിരുന്നെങ്കിൽ ഈ വർഷം ഫെബ്രുവരിയിൽ പുതിയ അക്കൗണ്ടുകൾ 22.6 ലക്ഷം മാത്രം.
കഴിഞ്ഞ 21 മാസത്തിനിടയിലെ ഏറ്റവും കുറവാണിത്. ഓഹരികളിൽ നിക്ഷേപം നടത്താൻ അനിവാര്യമായ ഡിജിറ്റൽ അക്കൗണ്ടാണ് ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട് അഥവാ ഡിമാറ്റ് അക്കൗണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പുതിയ ഡിമാൻഡ് അക്കൗണ്ടുകളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ പുതുതായി 44.7 ലക്ഷം പേർ ഡിമാറ്റ് അക്കൗണ്ട് തുറന്നിരുന്നു. ഒക്ടോബറിൽ എണ്ണം 33.4 ലക്ഷമായി. ഈ വർഷം ജനുവരിയിൽ 28.3 ലക്ഷമായും കുറഞ്ഞു.
കടുത്ത നിയന്ത്രണങ്ങൾ അകറ്റിയോ?
ഓഹരി വിപണിയിലെ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) വിഭാഗത്തിലുൾപ്പെടെ, ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂറിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതും ഏതാനും മാസങ്ങളായി ഓഹരി വിപണി നേരിടുന്ന തളർച്ചയും പുതിയ നിക്ഷേപകരെ ആകർഷിക്കുന്നതിന് തടയിട്ടുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തലുകൾ.
ആകെ 19 കോടിപ്പേർ
സെൻട്രൽ ഡെപ്പോസിറ്ററി സർവീസ് (CDSL), നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (NSDL) എന്നിവയിൽ നിന്നുള്ള കണക്കുപ്രകാരം ആകെ 19.04 ഡിമാറ്റ് അക്കൗണ്ടുകളാണ് ഇന്ത്യയിലുള്ളത്. ജനുവരിയിൽ ഇതു 18.81 കോടിയായിരുന്നു.
2025ൽ ഇതുവരെ സെൻസെക്സും നിഫ്റ്റിയും (Nifty50) ഏകദേശം 4.5% ഇടിവു നേരിട്ടിട്ടുണ്ട്. ഇക്കാലയളവിൽ ബിഎസ്ഇ സ്മോൾക്യാപ് സൂചിക ഇടിഞ്ഞതു 17 ശതമാനമാണ്; മിഡ്ക്യാപ് സൂചിക 14 ശതമാനവും.
മൊത്തം ഡിമാറ്റ് അക്കൗണ്ടുകളിൽ 15.12 കോടിയും സിഡിഎസ്എലിലാണ്. കഴിഞ്ഞമാസം 12നാണ് സിഡിഎസ്എൽ 15 കോടിയെന്ന നാഴികക്കല്ല് ആദ്യമായി പിന്നിട്ടത്. എൻഎസ്ഡിഎലിൽ 3.91 കോടി ഡിമാറ്റ് അക്കൗണ്ടുകളുണ്ട്.
കഴിഞ്ഞമാസം എൻഎസ്ഡിഎൽ 3.4 ലക്ഷം പേരെയും സിഡിഎസ്എൽ 19.2 ലക്ഷം പേരെയുമാണ് പുതുതായി സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.