വിവിധ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാജ ജോലി വാഗ്ദാനത്തിന്റെ മറവിൽ വലിയതോതിൽ മനുഷ്യക്കടത്ത് നടക്കുന്നതായി സിംഗപ്പൂർ സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര കുറ്റാന്വേഷണ പോലീസ് സംഘടനയായ ഇൻറർപോൾ 195 അംഗരാജ്യങ്ങൾക്ക് ഓറഞ്ച് നോട്ടീസ് അയച്ചു. സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെയും റിക്രൂട്ട്മെൻറ് വെബ്സൈറ്റുകളിലൂടെയും ഗൂഢ സംഘങ്ങൾ വ്യാജ ജോലി വാഗ്ദാനം നടത്തിയാണ് മനുഷ്യക്കടത്ത് നടത്തുന്നതെന്ന് ഇൻറർപോൾ അറിയിച്ചു. ഇത്തരത്തിൽ എത്തുന്നവരെ പിന്നീട് ഭീഷണിപ്പെടുത്തുകയും നിർബന്ധിത ജോലികൾ ചെയ്യിക്കുകയും ആണ് ചെയ്യുന്നത്. ഭീഷണിപ്പെടുത്തി സാമ്പത്തിക തട്ടിപ്പുകൾ പോലുള്ള കുറ്റകൃത്യങ്ങൾക്കും ഇവരിൽ ചിലരെ ഉപയോഗപ്പെടുത്തുന്നു. ഓൺലൈൻ ഗ്യാംബ്ലിങ്, ക്രിപ്റ്റോ തട്ടിപ്പുകൾ തുടങ്ങി വിവിധ കുറ്റകൃത്യങ്ങൾ ഇത്തരത്തിൽ നടക്കുന്നുണ്ട്. ഇരകളിൽ ചിലരെങ്കിലും ലൈംഗിക പീഡനത്തിന് വിധേയരായതായും റിപ്പോർട്ടുകളുണ്ട്.
കോവിഡ് 19 മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട ആളുകളെയാണ് ഇത്തരം സംഘങ്ങൾ കൂടുതലായി വലയിൽ ആക്കിയതെന്ന് വലയിൽ ആക്കിയതെന്ന് ഇന്റർപോൾ ഹ്യൂമൻ ട്രാഫിക്കിംഗ് ആൻഡ് മൈഗ്രന്റ് സ്മഗ്ലിങ് ആക്ടിംഗ് കോർഡിനേറ്റർ ഐസക് എസ്പിനോസ പറഞ്ഞു. മികച്ച യൂണിവേഴ്സിറ്റി ഡിഗ്രികൾ ഉള്ളവരും ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവരും ഇത്തരം സംഘങ്ങളുടെ പിടിയിലുണ്ട്. സിംഗപ്പൂരിലും മറ്റും ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടി തുടങ്ങിയതോടെ ഇവരുടെ ഇപ്പോഴത്തെ പ്രവർത്തനം മ്യാന്മാർ, ലാവോസ് തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ആണെന്നും അദ്ദേഹം പറഞ്ഞു. 2021 മുതലാണ് ഇത്തരം പ്രവർത്തനങ്ങൾ ഈ മേഖലയിൽ വ്യാപകമായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടക്കത്തിൽ ചൈന, മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഇരകളിൽ ഭൂരിഭാഗവും. ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും ഇത്തരം സംഘങ്ങളുടെ വലയിൽ പെടുന്നതായി അദ്ദേഹം പറഞ്ഞു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് വിശ്വസനീയമായ വെബ്സൈറ്റുകൾ ഉപയോഗിക്കാനും ജോലി നൽകുന്ന സ്ഥാപനങ്ങളെ പറ്റി ഓൺലൈനിൽ വിശദമായ അന്വേഷണം നടത്താനും ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ഇൻറർപോൾ നിർദ്ദേശം നൽകുന്നുണ്ട്.