
കൊച്ചി: ഇ– കൊമേഴ്സ്, ഇതര ഡിജിറ്റൽ ബിസിനസുകൾക്കു ഹോസ്റ്റിങ് സേവനങ്ങൾ ലഭ്യമാക്കുന്ന മലയാളി സ്റ്റാർട്ടപ് കമ്പനിയായ ഫ്ലെക്സിക്ലൗഡിൽ കോടികളുടെ നിക്ഷേപവുമായി ഉഷോദയ എന്റർപ്രൈസസ്.
മീഡിയ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖരായ രാമോജി ഗ്രൂപ്പിന്റെ മാതൃ കമ്പനിയാണു ഹൈദരാബാദ് ആസ്ഥാനമായ ഉഷോദയ.
സീരീസ് എ ഫണ്ടിന്റെ ഭാഗമായുള്ള നിക്ഷേപത്തുക വെളിപ്പെടുത്തിയിട്ടില്ല. ഫ്ലെക്സിക്ലൗഡിന്റെ അടിത്തറ വികസിപ്പിക്കുന്നതിനും ഗവേഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും തുക ചെലവിടും.
ബഹുരാഷ്ട്ര കമ്പനികൾ മുതൽ വ്ലോഗർമാർ വരെ 13 രാജ്യങ്ങളിലായി 2200 ഉപയോക്താക്കളാണു ഫ്ലെക്സിക്ലൗഡിനുള്ളത്.
കൊച്ചി കേന്ദ്രമാക്കി 2020 ൽ സ്റ്റാർട്ടപ് കമ്പനിയായി മാറിയ ഫ്ലെക്സികൗഡിന്റെ സ്ഥാപകർ വിനോദ് ചാക്കോയും അനൂജ ബഷീറുമാണ്.