രാജ്യത്തെ ആദ്യ ഹൈഡ്രജൻ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഡിസംബറില്‍. വിജയിച്ചാല്‍ തീവണ്ടി അടുത്ത വർഷം തുടക്കത്തില്‍ ട്രാക്കിലിറക്കാനാണ് പദ്ധതി.
ഹരിയാണയിലെ ജിങ്-സോനാപത് റൂട്ടിലാകും തീവണ്ടിയുടെ ചൂളംവിളി ആദ്യം കേള്‍ക്കുക. പെരമ്പൂർ ഇന്റഗ്രല്‍ ഫാക്ടറിയിലാണ് നിർമിച്ചത്. 35 എണ്ണം കൂടി നിർമിക്കാനും പദ്ധതിയുണ്ട്.
ഹൈഡ്രജൻ ഉദ്പാദിപ്പിക്കാനായി എൻജിന്റെ മുകളില്‍ 40,000 ലിറ്റർവരെ ശേഷിയുള്ള വെള്ളത്തിന്റെ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ടാങ്കിനോട് ചേർന്നുള്ള ഉപകരണത്തിലൂടെ അന്തരീക്ഷ വായുവില്‍ നിന്ന് ശേഖരിക്കുന്ന ഓക്സിജനുമായി ഹൈഡ്രജൻ സംയോജിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.
കൂടുതലായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാൻ ലിഥിയം ബാറ്ററിയുമുണ്ടാവും. ജർമനി, സ്വീഡൻ, ചൈന, എന്നീ രാജ്യങ്ങളില്‍ ഹൈഡ്രജൻ തീവണ്ടികള്‍ സർവീസ് നടത്തുന്നുണ്ട്.