ന്യൂഡൽഹി: 5.5 ബില്യൺ ഡോളർ ചിലവിൽ ജോർജിയയിലെ സവന്നയ്ക്കടുത്ത് ഒരു വലിയ ഇലക്ട്രിക് വാഹന പ്ലാന്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ്പ്. ഈ പ്ലാന്റിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും, ജോർജിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വികസന പദ്ധതിയാണിതെന്നും കമ്പനി അറിയിച്ചു. ഇൻകോർപ്പറേറ്റ് ചെയ്യപ്പെടാത്ത എല്ലബെല്ലിന് സമീപമുള്ള പ്ലാന്റിൽ കുറഞ്ഞത് 8,100 തൊഴിലാളികൾക്കെങ്കിലും തൊഴിൽ എടുക്കാനുള്ള സൗകര്യമുണ്ടാകുമെന്ന് ഹ്യുണ്ടായ് പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ അസംബ്ലിങ്ങിനായി സമർപ്പിച്ചിരിക്കുന്ന ഹ്യുണ്ടായിയുടെ ആദ്യത്തെ യുഎസ് പ്ലാന്റാകുമിതെന്നും, കൂടാതെ, പ്ലാന്റിൽ വാഹനത്തോടൊപ്പം, വാഹന ബാറ്ററികളും നിർമ്മിക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു. അടുത്ത വർഷം ആദ്യം പ്ലാന്റിന്റെ നിർമാണം ആരംഭിക്കുമെന്നും, 2025ൽ പ്രതിവർഷം 300,000 വാഹനങ്ങൾ ഈ പ്ലാന്റിൽ നിന്ന് ഉൽപ്പാദിപ്പിക്കുമെന്നും ഹ്യൂണ്ടായ് മോട്ടോഴ്സ് അവകാശപ്പെടുന്നു. എന്നാൽ ജോർജിയ പ്ലാന്റിലൂടെ ഏത് വാഹന മോഡലുകളാണ് നിർമ്മിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഒരു വർഷത്തിനുള്ളിൽ ജോർജിയയിൽ പ്രഖ്യാപിച്ച രണ്ടാമത്തെ വലിയ ഇലക്ട്രിക് വാഹന പ്ലാന്റാണിത്. ഡിസംബറിൽ റിവിയൻ ഓട്ടോമോട്ടീവ് അറ്റ്ലാന്റയിൽ 5 ബില്യൺ ഡോളറിന്റെ ഇലക്ട്രിക് ട്രക്ക് പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരുന്നു.
ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് ഹ്യുണ്ടായ്, കിയ ബ്രാൻഡുകൾക്ക് കീഴിൽ കാറുകൾ വിൽക്കുന്നു. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാവിന് ഇതിനകം തന്നെ അമേരിക്കയിൽ രണ്ട് നിർമ്മാണ പ്ലാന്റുകളുണ്ട്.