ഏറ്റവുമധികം വിൽപ്പനയുള്ള മോഡലായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ച് ഹ്യുണ്ടായ്. ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി എത്തിയിരിക്കുന്നത്.
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുൻപ് ക്രെറ്റ ഇവിയുടെ വിശദാംശങ്ങൾ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വെളിപ്പെടുത്തി.
സാങ്കേതിക വിദ്യകളാൽ മികവ് പുലർത്തുന്ന ക്രെറ്റയുടെ ഇവി വേർഷനിൽ വെഹിക്കിൾ ടു ലോഡ് (V2L) എന്ന സാങ്കേതിക വിദ്യയിലൂടെ വാഹനത്തിനകത്തും പുറത്തും ബാഹ്യ ഉപകരണങ്ങൾ പവർ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഐ-പെഡൽ സാങ്കേതികവിദ്യയിലൂടെ ഇലക്ട്രിക് എസ്യുവി ഒരു പെഡൽ ഉപയോഗിച്ചും ഓടിക്കാൻ സാധിക്കും.
“ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് വെറുമൊരു കാർ മാത്രമല്ല. സാങ്കേതികവിദ്യയുടെയും സുരക്ഷയുടെയും പെർഫോമൻസിന്റെയും കരുത്തുറ്റ ഭാവിയെ ഇന്നത്തെ റോഡുകളിലേക്ക് കൊണ്ടുവരുന്ന, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്കിൻ്റെ എല്ലാ ഫീച്ചറുകളിലും ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിക്കുന്നു.
നൂതന സാങ്കേതികവിദ്യയും ലോകോത്തര സുരക്ഷയും ആവേശകരമായ പ്രകടനവും കൊണ്ട്, ഇന്ത്യയുടെ ഭാവി ശോഭനമാണ്. ഭാവിയുടെ മുഖമുദ്ര എന്നത് ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രികും.” എച്ച്എംഐഎൽ ഹോൾ-ടൈം ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുൺ ഗാർഗ് പറയുന്നു.
ഹ്യൂണ്ടായ് ക്രെറ്റ ഇവി എസ്‌യുവിയുടെ ഇൻ്റേണൽ കംബസറ്റ്യൻ എഞ്ചിൻ (ഐസിഇ) പതിപ്പ് പോലെ കാണപ്പെടുന്നു. എയർ ഫ്ലോ നിയന്ത്രിക്കുന്നതിനും എയറോഡൈനാമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹന ഘടകങ്ങളെ തണുപ്പിക്കാനും ഇലക്ട്രിക് എസ്‌യുവിക്ക് സജീവമായ എയർ ഫ്ലാപ്പുകൾ ഉണ്ട്.
കുറഞ്ഞ റോളിംഗ് റെസിസ്റ്റൻസ് ടയറുകളുള്ള പുതിയ 17 ഇഞ്ച് എയ്റോ അലോയ് വീലുകളും സജ്ജീകരിച്ചിരിക്കുന്നു.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി എത്തുന്നത്. 51.4kWh, 42kWh, 51.4kWh ബാറ്ററി പാക്ക് ഓപ്‌ഷനിൽ ഒരൊറ്റ ഫുൾ ചാർജിൽ 473 കിലോമീറ്ററും 42kWh ബാറ്ററി പാക്ക് ഓപ്‌ഷനിൽ, ഒറ്റത്തവണ ചാർജ് ചെയ്‌താൽ 390 കിലോമീറ്ററും ഹ്യൂണ്ടായ് ക്രെറ്റ ഇവി അവകാശപ്പെടുന്നു.
11 കിലോവാട്ട് സ്മാർട് കണക്ടഡ് വാൾ ബോക്സ് എസി ചാർജർ ഉപയോഗിക്കുമ്പോൾ 10-100 ശതമാനം ചാർജാകാൻ വേണ്ടത് വെറും നാല് മണിക്കൂറാണ്.
വാഹനത്തിൻ്റെ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിൽ നിന്ന് നേരിട്ട് ഇവി ചാർജിംഗിന് പണം നൽകാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. ഇന്ത്യയിലുടനീളമുള്ള 1,150 ലധികം ഇവി ചാർജറുകളിലേക്ക് ആക്‌സസ് ഉള്ളതിനാൽ, ചാർജ്ജിംഗ് തടസ്സരഹിതമാകുന്നു.
മെച്ചപ്പെട്ട ഓഡിയോ നിലവാരം വാഗ്ദാനം ചെയ്യുന്നതിനായി ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് ബോസ് പ്രീമിയം സൗണ്ട് 8 സ്പീക്കർ സിസ്റ്റത്തിൽ സജ്ജീകരിച്ചിരിക്കുന്നു. നാല് വേരിയന്റുകളിലാണ് ക്രെറ്റ ഇവിയെ ഹ്യുണ്ടായി എത്തിക്കുന്നത്. എക്സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്സലൻസ് എന്നിങ്ങനെയാണ് വേരിയന്റുകൾ. എട്ട് മോണോടോൺ, രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ ഉണ്ട്.
എയറോഡൈനാമിക് സംവിധാനം, പുതിയ 17 ഇഞ്ച് എയ്റോ അലോയ് വീലുകൾ എന്നിവയാണ് മറ്റു ഫീച്ചറുകൾ.