പറന്നുയർന്ന സ്വപ്നം, പറന്നിറങ്ങിയ വിജയം
കൊച്ചി: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ലണ്ടനിലെ ഹീത്രൂ എയർപോർട്ട് പ്രവർത്തിക്കുന്നത് ഐബിഎസ് സോഫ്റ്റ് വെയറിൻ്റെ പിൻബലത്തിലാണ്. മൂവായിരത്തിലധികം വിമാനങ്ങൾ എന്നും ചിറക് വിടർത്തുന്നത് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ പിന്തുണയോടെയാണ്.
20 മുൻനിര എയർലൈൻ കമ്പനികളിൽ 14, മികച്ച 5 എണ്ണ കമ്പനികളിൽ 4, അഞ്ച് വലിയ ക്രൂയിസ് കമ്പനികളിൽ 2, പതിനഞ്ച് വലിയ ഹോട്ടൽ ശ്രിംഖലകളിൽ 5. ഇതിലപ്പുറം എന്ത് വേണം ഐബിഎസ് എന്ന കമ്പനിയുടെ മികവിനെയും, സ്വാധീനശേഷിയെയും വരച്ചു കാട്ടാൻ.
വിമാനക്കമ്പനിയായ എമിറേറ്റ്സിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി വിട്ട് 1997 ല്‍ തിരുവനന്തപുരത്ത് സ്വന്തം കമ്പനി തുടങ്ങുമ്പോള്‍ സംസ്ഥാനത്തെങ്ങും ഐടി വ്യവസായത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമുണ്ടായിരുന്നില്ലെന്ന് വി കെ മാത്യൂസ് ഓര്‍മ്മിക്കുന്നു. പരമ്പരാഗത വ്യവസായങ്ങളുടെ ഛായയില്ലാത്തതിനാല്‍ മൂലധനത്തിനായി വായ്പ നല്‍കാന്‍ ബാങ്കുകള്‍ വിസമ്മതിച്ചു. ഒടുവില്‍ കാനറാ ബാങ്കിന്‍റെ വായ്പ ലഭിച്ചു. അങ്ങനെ 55 ജീവനക്കാരും രണ്ടരക്കോടി രൂപയുമായാണ് ഐബിഎസ് സോഫ്റ്റ്‌വെയർ ആരംഭിച്ചത്. ഇന്ന് 40 രാജ്യങ്ങളില്‍ പ്രാതിനിധ്യവും 3500 ജീവനക്കാരും 2250 കോടി രൂപ സ്വകാര്യനിക്ഷേപവുമുള്ള കമ്പനിയായി ഐബിഎസ് വളര്‍ന്നു.
ഐടി വ്യവസായത്തിന് കേരളത്തിലെ സര്‍ക്കാരുകള്‍ മികച്ച പിന്തുണ നൽകി. രാജ്യത്തെ തന്നെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഐടി പാര്‍ക്കാണ് തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക്. അവിടത്തെ 8000 ചതുരശ്ര അടി ഓഫീസിൽ നിന്നാണ് ഐബിഎസിന്‍റെ തുടക്കം. വിമാനക്കമ്പനികള്‍, കാര്‍ഗോ വിമാന സര്‍വീസുകള്‍, ക്രൂയിസ് ഷിപ്പുകൾ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലാണ് ഐബിഎസ് മികച്ച സേവന ദാതാവായി മാറിയത്.
ആദ്യകാലത്തെ പ്രമുഖ ക്ലയന്‍റായ സ്വിസ് എയറിന്‍റെ കടക്കെണിയെത്തുടര്‍ന്ന് പ്രതിസന്ധിയുണ്ടായി കമ്പനി പൂട്ടേണ്ടി വരുമോയെന്ന ഘട്ടത്തിലാണ് സോഫ്റ്റ്‌വെയർ ഉത്പന്നമെന്ന ആശയത്തിലേക്ക് കടക്കുന്നത്. മികച്ച ഗവേഷണപാടവം, വിപണിയെക്കുറിച്ചുള്ള ധാരണ, വ്യോമയാന മേഖലയിലെ അനന്തസാധ്യതകള്‍ എന്നിവയാണ് വെല്ലുവിളി ഏറ്റെടുത്ത് ഐബിഎസുമായി മുന്നോട്ടുപോകാന്‍ പ്രേരകമായതെന്ന് വി കെ മാത്യൂസ് ഓർമിച്ചു.
സോഫ്റ്റ് വെയർ ഉല്പന്ന കമ്പനികളിൽ ഇത്ര ഭീർഘകാലം ഒരേ മികവോടെ പ്രവർത്തിക്കുകയും നിലനിൽക്കുകയും ചെയ്ത അധികം പേരുകൾ രാജ്യത്ത് തന്നെയില്ല.
വരാന്‍ പോകുന്നത് അവസരങ്ങളുടെ കാലമാണ്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് 2023 ഓടെ ലോകം പൂര്‍ണമായും മുക്തമാകുമെന്നാണ് സൂചന. ഇന്ത്യയിലൊഴികെ വ്യോമയാന മേഖലയില്‍ തൊഴില്‍നൈപുണ്യമുള്ള ജീവനക്കാരുടെ അഭാവം പ്രകടമാണ്. ഈ സാഹചര്യത്തില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സോഫ്റ്റ്‌വെയർ സേവനങ്ങള്‍ ദ്രുതഗതിയില്‍ ആഗോളതലത്തിലെ വ്യോമയാനമേഖല നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് വികെ മാത്യുസ് പറയുന്നു.
ഹൈടെക് സാങ്കേതികവിദ്യയ്ക്കായുള്ള ആവശ്യം ആകാശം തൊടുകയാണ്. അതിനാല്‍ തന്നെ വിപണിക്കാവശ്യമായ ദ്രുതഗതിയിലുള്ള മാറ്റവുമായി അതിവേഗം താദാത്മ്യം പ്രാപിച്ചു വരികയാണ് ഐബിഎസ്. നിര്‍മ്മിതബുദ്ധി, മെഷീന്‍ലേണിംഗ് തുടങ്ങിയവയിലൂന്നിയ ഇന്നവേഷനുകള്‍ക്കായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നു. ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകളെ സസൂക്ഷ്മം നിരീക്ഷിച്ച് മികച്ച ആശയവും മാതൃകാ ഉത്പന്നവുമുള്ളവയില്‍ നിക്ഷേപം നടത്തി അവരുടെ സേവനം പ്രാപ്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. മികച്ച ചില കമ്പനികളെ ഏറ്റെടുക്കുകയും ചെയ്തു.
ഐബിഎസ് ഇന്ന് 2 ബില്യൺ ഡോളർ വിപണി മൂല്യമുള്ള കമ്പനിയാണ്. ഏത് നിമിഷവും ഐപിഒയ്ക്ക് സജ്ജം. ടേണോവർ, ലാഭക്ഷമത, തുടർച്ചയായ വളർച്ച തുടങ്ങിയ മാനദണ്ഡങ്ങൾ കമ്പനിക്ക് അതിന് ഉതകുന്ന സാമ്പത്തിക കെട്ടുറപ്പ് നൽകുന്നു. വിപണിയിലെ അസ്ഥിരത മാറിയാൽ പൊതു വിപണി പ്രവേശനത്തെക്കുറിച്ച് കമ്പനി ആലോചിക്കും.
കേരളത്തിൽ സംരംഭം തുടങ്ങിയത് പരിമിതിയായി വികെ മാത്യുസ് കരുതുന്നില്ല.
സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് എന്നും മതിപ്പ് മാത്രം. കേരളത്തിലെ സാമൂഹ്യ സുസ്ഥിരതയെക്കുറിച്ച് തികഞ്ഞ അഭിമാനവും.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയായ വി കെ മാത്യൂസ് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്നാണ് എന്‍ജിനീയറിംഗ് ബിരുദം നേടിയത്. പിന്നീട് ഐഐടി കാണ്‍പൂരില്‍ നിന്നും എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിംഗില്‍ എംടെക് നേടി. ഹാര്‍വാഡ് ബിസിനസ് സ്കൂളില്‍ നിന്ന് മാനേജ്മെന്‍റ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കരസേനയുടെ മിലിറ്ററി കോളേജില്‍ കമ്പ്യൂട്ടര്‍ അധ്യാപകനായാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എയര്‍ ഇന്ത്യയില്‍ സിസ്റ്റം അനലിസ്റ്റായ അദ്ദേഹം 1983 മുതല്‍ 1997 വരെ എമിറേറ്റ്സില്‍ ജനറല്‍ മാനേജരായിരുന്നു.
ബിസിനസിൽ എക്കാലവും സ്വന്തമായൊരു ഫിലോസഫി അദ്ദേഹം കാത്തു സൂക്ഷിച്ചു. വിട്ടുവീഴ്ചയില്ലാത്ത മൂല്യ ബോധവും.
വിജയം പറന്നിറങ്ങിയത് വെറുതെയല്ല.