17,000 പുതിയ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ. ബ്ലോക്ക് ചെയ്ത കാർഡുകൾക്ക് പകരമായി ഉപഭോക്താക്കൾക്ക് പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ക്രെഡിറ്റ് കാർഡുകളുടെ ഡാറ്റ ചോരുകയും തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ഉപഭോക്താക്കള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേര്‍ന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.
‘അടിയന്തര നടപടിയെന്ന നിലയില്‍, ഞങ്ങള്‍ ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുന്നു. അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു,’- ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.
ബാധിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്‌ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ‘ഒരു കാര്‍ഡ് എങ്കിലും ദുരുപയോഗം ചെയ്തതായുള്ള ഒരു സംഭവവും ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
എന്നിരുന്നാലും, എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ബാങ്ക് ഉപഭോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു’- വക്താവ് കൂട്ടിച്ചേര്‍ത്തു.
ഐസിഐസിഐ ബാങ്കിൻ്റെ ഐമൊബൈൽ പേ ആപ്പിൻ്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ പുറത്തു വരുന്നത്.
കാർഡ് നമ്പറും സിവിവിയും ഉൾപ്പെടെ മറ്റാരുടെയെങ്കിലും ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആപ്പിനുള്ളിൽ ദൃശ്യമാണെന്ന് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. ഇത് മാത്രമല്ല, ഈ കാർഡുകളുടെ വിശദാംശങ്ങൾ ആക്‌സസ് ചെയ്യുന്നത് എളുപ്പമായിരുന്നു.
കൂടാതെ, മറ്റൊരാളുടെ പേയ്‌മെൻ്റ് ആപ്പ് ആക്‌സസ് ചെയ്യാനും OTP ഉണ്ടെങ്കിലും പേയ്‌മെൻ്റ് നടത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ബാങ്കിന്റെ നീക്കം.