
ന്യൂഡല്‍ഹി: ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സിലെ ഓഹരി പങ്കാളിത്തം 4 ശതമാനം ഉയര്‍ത്താന്‍ ഐസിഐസിഐ ബാങ്ക് ബോര്‍ഡ് അനുമതി നല്‍കി. ഒന്നിലധികം ഇടപാടുകളിലൂടെയായിരിക്കും ഓഹരികള്‍ സ്വന്തമാക്കുക. നിലവില്‍ 48.02 ശതമാനമാണ് ബാങ്കിന്റെ പങ്കാളിത്തം.
2024 സെപ്റ്റംബര്‍ 9 നകം 2.5 ശതമാനമെങ്കിലും സ്വന്തമാക്കാനാണ് പദ്ധതി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇന്‍ഷുറന്‍സ് സംരംഭങ്ങളില്‍,ബാങ്കുകള്‍ക്ക് 30 ശതമാനത്തില്‍ താഴെയോ 50 ശതമാനത്തില്‍ കൂടുതലോ ഓഹരികള്‍ കൈവശം വയ്ക്കാം.ഓഹരി പങ്കാളിത്തം 30 ശതമാനത്തില്‍ കുറയ്ക്കാനാണ്, രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്, നേരത്തെ പദ്ധതിയിട്ടിരുന്നത്.
അതിനായി സെപ്തംബര്‍ 9 വരെ ആര്‍ബിഐ സമയ പരിധി അനുവദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പദ്ധതി മാറ്റുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി എച്ച്ഡിഎഫ്‌സി ബാങ്കും സമാന പാദയിലാണ്.
ലയനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയിലെ ഓഹരി 50 ശതമാനത്തിന് മുകളില്‍ വര്‍ദ്ധിപ്പിക്കാന്‍ ബാങ്കിന് അനുമതി ലഭ്യമായിട്ടുണ്ട്. എച്ചഡിഎഫ്‌സിയുമായുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ലയനം നടപ്പ് സാമ്പത്തികവര്‍ഷം മൂന്നാം പാദത്തോടെ പൂര്‍ത്തിയായേക്കും.