കൊല്‍ക്കത്ത: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഓഹരികള്‍ ഇടിവ് നേരിട്ട ദിവസമായിരുന്നു ചൊവ്വാഴ്ച. ഈ തരംഗത്തില്‍ പെട്ട് 7 ശതമാനം നഷ്ടമാക്കിയ ഓഹരിയാണ് ബന്ധന്‍ ബാങ്കിന്റേത്. എന്നാല്‍ ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കുന്നു.
408 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ 261.50 രൂപയിലാണ് ഓഹരിയുള്ളത്. ആസാം വെള്ളപ്പൊക്കം കാരണം മൊത്ത എന്‍പിഎ പ്രതീക്ഷിച്ച തോതില്‍ കുറഞ്ഞില്ല. എങ്കിലും ജൂണിലവസാനിച്ച പാദത്തില്‍ നികുതി കഴിച്ചുള്ള ലാഭം 137.6 ശതമാനം വര്‍ധിപ്പിച്ച് 886.5 കോടി രൂപയാക്കാന്‍ ബാങ്കിനായി.
അറ്റ പലിശ വരുമാനം 2514.4 കോടി രൂപ (18.9 ശതമാനം വര്‍ധനവ്) യായി. മൊത്തം വായ്പകള്‍ 20.3 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനവോടെ 96,639.7 കോടി രൂപയും നിക്ഷേപം 20.3 വര്‍ധനവോടെ 93,057 കോടി രൂപയുമാക്കാന്‍ ബാങ്കിനായിട്ടുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി 7.25 ശതമാനമായി താഴ്ന്നതും ഗുണമായി.
അറ്റ നിഷ്‌ക്രിയ ആസ്തി 1.92 ശതമാനമായും താഴ്ന്നു. പ്രൊവിഷന്‍ 642.4 (56 ശതമാനം കുറവ്) ആയി മാറി. 2023 ഓടെ 500 ബ്രാഞ്ചുകള്‍ തുടങ്ങാനുള്ള പദ്ധതിയാണ് ബാങ്കിനുള്ളത്. ഇതോടെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് അനലിസ്റ്റുകള്‍ വിശ്വസിക്കുന്നു. പ്രധാന സംസ്ഥാനങ്ങളായ ആസാം, വെസ്റ്റ് ബംഗാള്‍ ഇതര പ്രദേശങ്ങളായിരിക്കും ബ്രാഞ്ചിനായി തെരഞ്ഞെടുക്കുക. സാങ്കേതികമേഖല മുന്നേറ്റത്തിനും പദ്ധതിയിടുന്നു.