ന്യൂഡല്‍ഹി: ജൂണിലവസാനിച്ച പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട കമ്പനികളിലൊന്നാണ് ടാറ്റ പവര്‍. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 103 ശതമാനം വര്‍ധിപ്പിക്കാന്‍ കമ്പനിയ്ക്കായി. ടാറ്റ പ്രൊജക്ട്‌സ്, ടിപിഎസ്എസ്എല്‍ എന്നിവ വഴി നഷ്ടം സഹിച്ചെങ്കിലും കല്‍ക്കരി ബിസിനസ് തുണയാവുകയായിരുന്നു.
ഈ സാഹചര്യത്തില്‍ കമ്പനി ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നിലനിര്‍ത്തിയിരിക്കയാണ് ബ്രോക്കറേജ് സ്ഥാപനമായ ഷെയര്‍ഖാന്‍. നിലവില്‍ 218 രൂപ വിലയുള്ള ഓഹരിയ്ക്ക് 260 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ബിസിനസ് റീസ്ട്രക്ചറിംഗിലും (സിജിപിഎല്‍ ലയനം) ഉയര്‍ന്ന വളര്‍ച്ചയുള്ള ആര്‍ഇ ബിസിനസ്സിലും ടാറ്റ പവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഷെയര്‍ ഖാന്‍ നിരീക്ഷിക്കുന്നു.
പവര്‍ ട്രാന്‍സ്മിഷനിലേക്കുള്ള പ്രവേശനം കാരണം സുസ്ഥിരമായ വരുമാന വളര്‍ച്ചയും മെച്ചപ്പെട്ട വരുമാന നിലവാരവും സാധ്യമാകും. 2024 സാമ്പത്തികവര്‍ഷത്തില്‍ ആര്‍ഒഇ 14 ശതമാനമായി മെച്ചപ്പെടുമെന്നും ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു. ഐസിഐസിഐ സെക്യൂരിറ്റീസ് 262 ലക്ഷ്യവിലയോടു കൂടിയ വാങ്ങല്‍ റേറ്റിംഗാണ് കമ്പനി ഓഹരിയ്ക്ക് നല്‍കുന്നത്.
ടിപിആര്‍ഇഎല്‍ ഓഹരി വില്‍പ്പനയില്‍ നിന്നുള്ള 20 ബില്യണ്‍ ഡോളര്‍ ആദ്യ ഗഡു അടുത്ത ഏതാനും ആഴ്ചകളില്‍ ലഭ്യമാകും. ഇതോടെ കാപക്‌സില്‍ വര്‍ധന വരുത്താന്‍ കമ്പനിയ്ക്കാകും. കൂടാതെ, സപ്ലിമെന്ററി പിപിഎ, ഗുജറാത്തുമായി ഒപ്പിട്ടാല്‍, അത് മറ്റൊരു നേട്ടമാകും, ഐസിഐസിഐ വിലയിരുത്തി.
ജനറേഷന്‍, ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍, റിന്യൂവബിള്‍സ് തുടങ്ങിയ എല്ലാ ബിസിനസ് ക്ലസ്റ്ററുകളും മികച്ച പ്രകടനം കാഴ്ചവെച്ചതായി ടാറ്റ പവര്‍ സിഇഒയും എംഡിയുമായ പ്രവീര്‍ സിന്‍ഹ പറഞ്ഞു. ഇതോടെ തുടര്‍ച്ചയായ 11 ാം പാദത്തിലും നികുതിയ്ക്ക് ശേഷമുള്ള ലാഭമുയര്‍ത്താന്‍ കമ്പനിയ്ക്ക് സാധിച്ചു. സുസ്ഥിരമായ ചിലവ് ഘടനകളും മത്സരക്ഷമതയും കാരണം ശക്തമായ വളര്‍ച്ചയാണ് കമ്പനിയ്ക്കുണ്ടാവുക.
ഇന്ത്യയുടെ ഹരിത ഊര്‍ജ്ജ പരിവര്‍ത്തനത്തിന് സംഭാവന നല്‍കാന്‍ ടാറ്റ പവര്‍ ഒരുങ്ങിയതായും പ്രവീര്‍ സിന്‍ഹ പറയുന്നു.