
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചുവരാന്‍ ഒരുങ്ങി ജനപ്രീയ പാനീയ ബ്രാന്‍ഡായ കാമ്പ കോള. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പാണ് 50 വര്‍ഷം പഴക്കമുള്ള ജനപ്രിയ ബിവറേജ് ബ്രാന്‍ഡ് ഈ വേനല്‍ക്കാലത്ത് വിപണിയിലെത്തിക്കുന്നത്.
1970കളിലും 1980കളിലും ഏറെ പ്രചാരത്തിലുണ്ടായിരുന്ന പാനീയമായ കാമ്പ കോള, ഇനി കോള, നാരങ്ങ, ഓറഞ്ച് തുടങ്ങിയ രുചികളില്‍ ലഭ്യമാകും. കാമ്പ കോളയുടെ റീ ലോഞ്ചോടെ അദാനി ഗ്രൂപ്പ്, ഐടിസി, യൂണിലിവര്‍ എന്നിവയില്‍ നിന്നുള്ള മത്സരം ഏറ്റെടുക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.
കാമ്പ കോളയുടെ തുടക്കത്തില്‍ കാമ്പ കോള, കാമ്പ നാരങ്ങ, കാമ്പ ഓറഞ്ച് എന്നിവയാകും ഉള്‍പ്പെടുക. ഇവ ആദ്യം ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ലഭ്യമാകുമെന്നും പിന്നീട് രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
1970 കളില്‍ ആരംഭിച്ച കാമ്പ കോള താമസിയാതെ തന്നെ ഇന്ത്യന്‍ വിപണിയിലെ ശീതളപാനീയ വിഭാഗത്തിലെ നേതാവായി മാറിയിരുന്നു. എന്നാല്‍ 1990-കളുടെ അവസാനത്തിലുണ്ടായ ആഗോളവല്‍ക്കരണവും കൊക്കകോള, പെപ്സികോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ കടന്നുവരവും ജനപ്രിയ ശീതളപാനീയ ബ്രാന്‍ഡിനെ തകര്‍ച്ചയിലേക്ക് നയിച്ചു.
‘ദി ഗ്രേറ്റ് ഇന്ത്യന്‍ ടേസ്റ്റ്’ എന്ന ടാഗ് ലൈനോടെയായിരുന്നു പാനീയം വിറ്റിരുന്നത്. കാമ്പ കോളയുടെ പുനരാരംഭത്തിലൂടെ അത് തിരികെ കൊണ്ടുവരാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ പാരമ്പര്യമുള്ള ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണിത്.
ഇതിലൂടെ രാജ്യത്തിന്റെ തനതായ രുചികള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി അവരുമായി ആഴത്തിലുള്ള ബന്ധം പുലര്‍ത്തുമെന്നും റിലയന്‍സ് പറഞ്ഞു. 50 വര്‍ഷത്തെ സമ്പന്നമായ പാരമ്പര്യമുള്ള കാമ്പയുടെ തിരിച്ചുവരവ് ഈ വേനല്‍ക്കാലത്ത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ടേസ്റ്റ്’ നല്‍കുമെന്നും കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
പുതിയ കാമ്പ കോള
കാമ്പ കോള പാനീയങ്ങളുടെ പുതിയ പതിപ്പ് 200 മില്ലി, 500 മില്ലി, 600 മില്ലി ,1,000 മില്ലി, 2,000 മില്ലി എന്നിങ്ങനെയുളള വിവധ അളവുകളിലാകും ലഭ്യമാകുക. എന്നാല്‍ പുതിയ കാമ്പ കോളയുടെ വില എന്താകുമെന്ന് റിലയന്‍സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കാമ്പ ടിവി പരസ്യത്തില്‍ സല്‍മാന്‍ ഖാന്‍
ശീതളപാനീയ പരസ്യങ്ങള്‍ ബോളിവുഡ് അഭിനേതാക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന സമയമായിരുന്നു ഇത്. ഈ പരസ്യത്തില്‍, കൗമാരപ്രായത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരു ബോട്ടില്‍ സഞ്ചരിക്കുന്നതും ആകര്‍ഷകമായ സംഗീത പശ്ചാത്തലത്തില്‍ കാമ്പകോള കുടിക്കുന്നതും കാണാം.
സല്‍മാന്‍ ഖാന്‍ ആദ്യമായി ടെലിവിഷനില്‍ മുഖം കാണിച്ചത് ഈ പരസ്യത്തിലൂടെയായിരുന്നു. ടൈഗര്‍ ഷ്രോഫിന്റെ അമ്മ ആയിഷ ഷ്രോഫും ഈ പരസ്യത്തിലുണ്ട്.
റിലയന്‍സിന്റെ എഫ്എംസിജി ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കാമ്പ കോള ഈ വര്‍ഷാവസാനം തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ട്.