ഡെല്‍ഹി: 149.6 കോടി രൂപ തിരിച്ചടച്ചില്ലെന്ന് കാണിച്ച് സി എന്റര്‍ടൈയ്ൻമെൻറ് എന്റര്‍പ്രൈസസ് ലിമിറ്റഡിനെതിരെ ഐഡിബി ഐ ബാങ്ക് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചു. സീ എന്റര്‍ടെയ്ന്‍മെൻറിനെതിരെ പാപ്പര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സീ എന്റര്‍ടെയ്ന്‍മെന്റ് 149.60 കോടി രൂപയുടെ വായ്പ കുടിശിക വരുത്തിയതിനെതിരെയാണ് ഐഡിബിഐ ബാങ്കിന്റെ ഈ നടപടി. 2016 ലെ ഇന്‍സോള്‍വന്‍സി ബാങ്ക്റപ്റ്റ്സി കോഡിന്റെ സെക്ഷന്‍ ഏഴിനു കീഴിലാണ് ഐഡിബിഐ ബാങ്ക് പരാതി നല്‍കിയിരിക്കുന്നത്.
സീ എന്റര്‍ടെയ്ന്‍മെന്റ് ഉള്‍പ്പെടുന്ന എസ്സല്‍ ഗ്രൂപ്പിനു കീഴിലുള്ള മറ്റൊരു കമ്പനിയാണ് എസ്ഐടിഐ നെറ്റ് വര്‍ക്ക്. ഈ കമ്പനിക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി ഐഡിബിഐ ബാങ്കും, സീ എന്റര്‍ടെയ്ന്‍മെന്റും ഒരു ഡെറ്റ് സര്‍വീസ് റിസര്‍വ് കരാറിലേര്‍പ്പെട്ടിരുന്നു. ഇതാണ് ബാങ്ക് നാഷണല്‍ കമ്പനി ലോട്രീബ്യൂണലിനു മുന്നില്‍ ക്ലെയിം ചെയ്തിരിക്കുന്നത്.
ആരോപണവിധേയമായ കുടിശ്ശിക തിരിച്ചുപിടിക്കുന്നതിനായി കമ്പനിക്കെതിരെ ബാങ്ക് ഫയല്‍ ചെയ്ത പരാതിയൊഴികെ ബാങ്കിന്റെ മറ്റ് അവകാശവാദങ്ങളെ കമ്പനി ശക്തമായി എതിര്‍ക്കുന്നതായി’ സീ എന്റര്‍ടെയ്ന്‍മെന്റും വ്യക്തമാക്കി.
ഈ വര്‍ഷം ഏപ്രിലില്‍ എച്ച്ഡിഎഫ്സിയും 296 കോടി രൂപയുടെ വീഴ്ച്ച വരുത്തിയതിനെതിരെ എസ്ഐടിഐ നെറ്റ് വര്‍ക്കിനെതിരെ എന്‍സിഎല്‍ടിയെ സമീപിച്ചിരുന്നു.
83 കോടിയുടെ കുടിശിക തിരിച്ചടയ്ക്കണമെന്ന ആവശ്യവുമായി ഇന്‍ഡസിന്‍ഡ് ബാങ്കും സിതി നെറ്റ് വര്‍ക്കിനെതിരെ ട്രിബ്യൂണലിന്റെ മുംബൈ ബഞ്ചിന് പരാതി നല്‍കിയിരുന്നു.