
ന്യൂഡൽഹി: വില്പനയ്ക്കുവച്ച ഐ.ഡി.ബി.ഐ ബാങ്കിന് മൊത്തം 770 കോടി ഡോളർ (ഏകദേശം 64,000 കോടി രൂപ) മൂല്യം തേടി കേന്ദ്രസർക്കാർ. ബാങ്കിന്റെ വിപണിമൂല്യം നിലവിൽ 580 കോടി ഡോളറാണ് (48,000 കോടി രൂപ). ഇതിനേക്കാൾ 33 ശതമാനം അധികമൂല്യമാണ് തേടുന്നത്.
കേന്ദ്രനീക്കം ഫലംകണ്ടാൽ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ പൊതുമേഖലാബാങ്ക് ഓഹരിവില്പനയ്ക്കാകും രാജ്യം സാക്ഷിയാവുക. നിലവിൽ കേന്ദ്രവും എൽ.ഐ.സിയുമാണ് ഐ.ഡി.ബി.ഐ ബാങ്കിന്റെ മുഖ്യ ഓഹരി ഉടമകൾ.
എൽ.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്രത്തിന് 45.48 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ഇരുവർക്കും കൂടി 94.72 ശതമാനം. ഇതിൽ 60.72 ശതമാനം വിറ്റൊഴിയാനുള്ള താത്പര്യപത്രം ഈമാസമാദ്യം ക്ഷണിച്ചിരുന്നു.
ഐ.ഡി.ബി.ഐ ബാങ്കിന്റെ മെച്ചപ്പെട്ട ലാഭക്ഷമതയും പ്രവർത്തനവും ഉയർന്ന മൂല്യത്തിന് സഹായിക്കുമെന്നാണ് കേന്ദ്രവിലയിരുത്തൽ.
ധനക്കമ്മി നിയന്ത്രിക്കാനും ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്താനുമായി പൊതുമേഖലാ ഓഹരികൾ വിറ്റൊഴിയുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് ഐ.ഡി.ബി.ഐ ബാങ്കോഹരികളും കേന്ദ്രം വിറ്റൊഴിയുന്നത്. നടപ്പുവർഷം പൊതുമേഖലാ ഓഹരിവില്പനയിലൂടെ കേന്ദ്രം ഉന്നമിടുന്ന സമാഹരണം 65,000 കോടി രൂപയാണ്. ഇതിനകം സമാഹരിച്ചത് 24,544 കോടി രൂപ.
കേന്ദ്രം വിറ്റൊഴിയാനൊരുങ്ങുന്ന ഐ.ഡി.ബി.ഐ ബാങ്ക് കഴിഞ്ഞപാദത്തിൽ കാഴ്ചവച്ചത് മികച്ച പ്രകടനം. സെപ്തംബർപാദത്തിൽ ലാഭം 46 ശതമാനം ഉയർന്ന് 828 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്‌തി 21.85 ശതമാനത്തിൽ നിന്ന് 16.51 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. അറ്റ നിഷ്ക്രിയ ആസ്‌തി 1.71ൽ നിന്ന് 1.15 ശതമാനമായി കുറഞ്ഞു.