ന്യൂഡല്‍ഹി: മൂന്നാം പാദ അറ്റാദായം 927 കോടി രൂപയാക്കി ഉയര്‍ത്തിയിരിക്കയാണ് ഐഡിബിഐ ബാങ്ക്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനവാണിത്. അറ്റ പലിശ വരുമാനം 23 ശതമാനം ഉയര്‍ന്ന് 2925 കോടി രൂപയും അറ്റ പലിശ മാര്‍ജിന്‍ 71 ബേസിസ് പോയിന്റുയര്‍ന്ന് 4.59 ശതമാനവുമാണ്.
1.48 ലക്ഷം കോടി രൂപയുടെ വായ്പാ വിതരണമാണ് ബാങ്ക് നടത്തിയത്. സ്വീകരിച്ച നിക്ഷേപം 2.32 ലക്ഷം കോടി രൂപ. യഥാക്രമം 17 ശതമാനവും 4.5 ശതമാനവുമാണ് വായ്പ,നിക്ഷേപ വളര്‍ച്ച.
പ്രൊവിഷന്‍സ് ആന്റ് കണ്ടിന്‍ജന്‍സീസ് 2.2 ശതമാനം കുറച്ച് 784.3 കോടി രൂപയും നിഷ്‌ക്രിയ ആസ്തിക്കായുള്ള പ്രൊവിഷന്‍ 75 ശതമാനം കുറഞ്ഞ് 232.8 കോടി രൂപയുമാക്കി. മൊത്തം നിഷ്‌ക്രിയ ആസ്തി, വായ്പയുടെ 13.82 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.07 ശതമാനവുമായി കുറഞ്ഞു. യഥാക്രമം 269 ബേസിസ് പോയിന്റും 8 ബേസിസ് പോയിന്റുമാണ് ആസ്തി ഗുണമേന്മ മെച്ചപ്പെട്ടത്.
പലിശരഹിത വരുമാനം 25 ശതമാനം കുറഞ്ഞ് 857 കോടി രൂപ.പ്രൊവിഷന് മുന്‍പള്ള പ്രവര്‍ത്തന ലാഭം 16 ശതമാനം ഉയര്‍ന്ന് 2051.4 കോടിരൂപ.