മുംബൈ: അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റംസ് (യുഎഎസ്) നിര്‍മാതാക്കളായ ഐഡിയഫോര്‍ജ് ടെക്‌നോളജി ജൂലൈ 7 ന് 94 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. 2023 ലെ ഉയര്‍ന്ന ലിസ്റ്റിംഗാണിത്. 672 രൂപ ഇഷ്യുവിലയുണ്ടായിരുന്ന സ്ഥാനത്ത് 1300 രൂപയിലാണ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) ഓഹരി ട്രേഡിംഗ് ആരംഭിച്ചത്.
ബിഎസ്ഇയില്‍ 1305 രൂപയിലായിരുന്നു ഓപ്പണിംഗ്.പ്രതീക്ഷയെ മറികടന്ന ലിസ്റ്റിംഗാണ് ഐഡിയഫോര്‍ജ് ഓഹരികള്‍ നടത്തിയത്. 50-75 ശതമാനം പ്രീമിയമായിരുന്നു അനലിസ്റ്റുകള്‍ കണക്കാക്കിയിരുന്നത്.
ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്ന നിലവാരം സൂക്ഷിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തി.നിക്ഷേപകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ഐപിഒ നേടിയത്. യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് അനുവദിച്ച ഓഹരിയുടെ 125.81 മടങ്ങ് അധികവും ചില്ലറ നിക്ഷേപകര്‍ 82.50 മടങ്ങ് അധികവും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ (എച്ച്എന്‍ഐ) 80.58 മടങ്ങ് അധികവും സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ മൊത്തം സബ്‌സ്‌ക്രിപ്ഷന്‍ 106.6 മടങ്ങ് അധികമായി.
567 കോടി രൂപയാണ് ഡ്രോണ്‍ നിര്‍മ്മാതാക്കള്‍ ഐപിഒ വഴി സമാഹരിച്ചത്. ഇതില്‍ 240 കോടി രൂപ ഫ്രഷ് ഇഷ്യുവും 320 കോടി രൂപ ഓഫര്‍ ഫോര്‍സെയിലുമാണ്(ഒഎഫ്എസ്).