
മുംബൈ: പ്രധാന പ്രവർത്തന വരുമാനത്തിലെ ശക്തമായ വളർച്ചയുടെ പശ്ചാത്തലത്തിൽ 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ അറ്റാദായം 266 ശതമാനം വർധിച്ച് 556 കോടി രൂപയായി.
ഒരു വർഷം മുമ്പ് ഇതേ പാദത്തിൽ ബാങ്ക് 152 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2022-23 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ അതിന്റെ പ്രധാന പ്രവർത്തന വരുമാനം 35% ഉയർന്ന് 3,947 കോടി രൂപയായി ഉയർന്നു.
അവലോകന കാലയളവിൽ അറ്റ പലിശ വരുമാനം 32 ശതമാനം ഉയർന്ന് 3,002 കോടി രൂപയായപ്പോൾ ഫീസും മറ്റ് വരുമാനവും 44 ശതമാനം വർധിച്ച് 945 കോടി രൂപയായി. ത്രൈമാസത്തിലെ മൊത്തം വരുമാനം 6,531.03 കോടി രൂപയാണ്. കൂടാതെ മൊത്ത നിഷ്‌ക്രിയ ആസ്തി (NPA) 3.18% ആയി കുറഞ്ഞതോടെ വായ്പ ദാതാവിന്റെ ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടു.
ഈ പാദത്തിലെ പ്രൊവിഷനിംഗ് ഒരു വർഷം മുമ്പുള്ളതിൽ നിന്ന് 11% കുറഞ്ഞ് 424 കോടി രൂപയായതായി ബാങ്ക് അറിയിച്ചു. ഒപ്പം ക്യാഷ് മാനേജ്‌മെന്റ്, വെൽത്ത് മാനേജ്‌മെന്റ്, ഫാസ്‌ടാഗ്, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ ബാങ്കിന്റെ പുതിയ ബിസിനസ്സ് വിഭാഗങ്ങൾ മികച്ച വളർച്ച രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഓഹരി 0.88 ശതമാനം ഉയർന്ന് 57.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.