ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ നിഫ്റ്റി സൂചിക റെക്കോർഡുകൾ തകർക്കുന്ന പ്രകടനമാണ് നടത്തിയത്. വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് സംബന്ധിച്ച പ്രതീക്ഷകളാണ് വിപണിക്ക് കരുത്തായത്. ഒന്നാം പാദഫലങ്ങളിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസവും സൂചികകൾക്ക് ഊർജ്ജമേകി.
വളർച്ചയ്ക്ക് ഇന്ധനം പകരുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിൽ ഇന്ത്യൻ വിപണി സൂചികകൾ പുതിയ ഉയരങ്ങളിലെത്തുമെന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ബജറ്റ് അവതരണത്തിന് ശേഷം സൂചികകൾ എങ്ങോട്ട് …?
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ജൂൺ നാലാം തിയ്യതി ഇന്ത്യൻ ഓഹരി വിപണി സൂചികകൾ കനത്ത ഇടിവാണ് നേരിട്ടത്. എക്സിറ്റ് പോൾ ഫലങ്ങൾക്ക് അനുസൃതമായ ഫലങ്ങളല്ല പുറത്തു വന്നത് എന്നതാണ് കാരണം.
ഇത്തവണ ജൂലൈ 23ാം തിയ്യതിയിലെ ബജറ്റിലും വിപണി വലിയ പ്രതീക്ഷയാണ് പുലർത്തുന്നത്. എന്നാൽ ഈ ഇവന്റിനോട് അനുബന്ധിച്ചും സൂചികകൾ വലിയ ഇടിവ് നേരിടുമോ? ഈ ചോദ്യവും അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. ക്യാപിറ്റൽ ഗെയിൻ ടാക്സ് വർധിപ്പിച്ചാൽ ഇടിവിന് സാധ്യതയുണ്ടെന്ന് ജെഫറീസ് വിലയിരുത്തുന്നു.
ഇക്വിറ്റി വിപണികൾക്ക് അനുകൂലമല്ലാത്ത വിധം മൂലധന നേട്ടത്തിന് നികുതി ഏർപ്പെടുത്തുകയാണെങ്കിൽ വിപണികളിൽ ഇടിവുണ്ടായേക്കാമെന്ന് പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ജെഫറീസ് ഇക്വിറ്റി സ്ട്രാറ്റജി വിഭാഗം മേധാവി ക്രിസ് വുഡ് അഭിപ്രായപ്പെട്ടു.
ഹ്രസ്വകാല, ദീർഘകാല മൂലധന നേട്ടത്തിന് നികുതി ഏർപ്പെടുത്തുകയാണെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ദിവസം ഉണ്ടായതിനേക്കാൾ വലിയ തിരുത്തൽ വിപണിയിൽ സംഭവിച്ചേക്കാമെന്ന് അദ്ദേഹം നിക്ഷേപകർക്കായുള്ള പ്രതിവാര നോട്ടിൽ പറഞ്ഞു.
അതേ സമയം മൂലധന നേട്ടത്തിന് നികുതി ഏർപ്പെടുത്താൻ സാധ്യത കുറവാണെന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്.
വീണ്ടും അധികാരത്തിലേറിയ ഒരു സർക്കാർ ഇത്തരം ഒരു നീക്കത്തിന് തയ്യാറായേക്കില്ല. അതേ സമയം ഈ അനുമാനം തെറ്റിപ്പോവുകയാണെങ്കിലോ, മൂലധന നേട്ടത്തിനുള്ള നികുതി വർധിപ്പിക്കുകയാണെങ്കിലോ വിപണയിൽ വലിയ ഇടിവ് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇക്വിറ്റി വിപണിയിൽ റാലി നടന്നെങ്കിലും, ഇന്ത്യ ഇപ്പോഴും ഇക്വിറ്റി സംസ്കാരം വളർന്നു വരുന്നതിന്റെ ശൈശവാവസ്ഥയിലാണ്.
ഇന്ത്യൻ ഓഹരി വിപണിയിൽ വർധിച്ചു വരുന്ന റീടെയിൽ പങ്കാളിത്തം പോസിറ്റീവാണ്. ഇത് വരും നാളുകളിലും തുടരാനാണ് സാധ്യത. ആഗോള തലത്തിൽ തന്നെ ഏറ്റവുമധികം വിശ്വാസമർപ്പിക്കാവുന്നവയാണ് ഇന്ത്യൻ ഓഹരി വിപണി.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും വിപണികളെ സംബന്ധിച്ച് കരുത്ത് പ്രകടമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ദിവസം ഇടിഞ്ഞ വിപണി അതി വേഗത്തിൽ തിരികെ കയറിയത് ഇതിന് തെളിവാണ്.
ജൂൺ നാലാം തിയ്യതിയിലെ ഒരു ദിവസത്തെ തിരുത്തലിന് ശേഷം ഇതു വരെ 13.3% ഉയർച്ചയാണ് സൂചികകളിലുണ്ടായത്. ഇത് റീടെയിൽ നിക്ഷേപകരുടെ കരുത്തിന്റെ സൂചനയാണ്.
ഹ്രസ്വകാലാടിസ്ഥാനങ്ങളിലെ തന്ത്രങ്ങളേക്കാൾ തിരുത്തലിന്റെ സമയത്ത് വില്പന പരിഗണിക്കാവുന്നതാണെന്നും ക്രിസ് വുഡ് നിർദേശിക്കുന്നു.