മുംബൈ: ഫെയർഫാക്‌സ് ക്യാപിറ്റൽ ഗ്രൂപ്പിന്റെ പിന്തുണയുള്ള ഐഐഎഫ്‌എൽ ഫിനാൻസ് അതിന്റെ സഹ-വായ്പ ബിസിനസ് ഒരു വർഷത്തിനുള്ളിൽ 13,000 കോടിയായി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിനായി റീട്ടെയിൽ കേന്ദ്രീകൃതമായ എൻബിഎഫ്‌സി അര ഡസനോളം ബാങ്കുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഐഐഎഫ്എൽ ഫിനാൻസ് അതിന്റെ ബിസിനസ്സ് മോഡലിനെ നോൺ-ബാങ്ക് ലെൻഡർ എന്നതിൽ നിന്ന് ബാങ്കുകളുമായുള്ള സഹ-വായ്പാ ബിസിനസ് എന്നതിലേക്ക് മാറ്റിയതായി ഐഐഎഫ്എൽ ഗ്രൂപ്പ് സ്ഥാപകനും ഐഐഎഫ്എൽ ഫിനാൻസ് മാനേജിംഗ് ഡയറക്ടറുമായ നിർമൽ ജെയിൻ പറഞ്ഞു.
വീട്/ സ്വർണം/ ബിസിനസ് വായ്പകൾ, മൈക്രോഫിനാൻസ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്കായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഡിസിബി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഡിബിഎസ്, കാനറ ബാങ്ക്, ശിവാലിക് ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുമായി ഐഐഎഫ്എൽ ഫിനാൻസ് സഹകരണ വായ്പാ പങ്കാളിത്തം തുടരുന്നു.
ഇതിന് പുറമെ എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ വലിയ പൊതുമേഖലാ ബാങ്കുകളുമായി സഹ-വായ്പ കരാറിൽ ഏർപ്പെടാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്പനി അതിന്റെ സഹ-വായ്പ പ്രോഗ്രാം കൂടുതൽ ത്വരിതപ്പെടുത്തുമെന്നും അടുത്ത ഒരു വർഷത്തിനുള്ളിൽ ഇത് മൂന്നിരട്ടിയാക്കുമെന്നും ജെയിൻ പറഞ്ഞു.
കഴിഞ്ഞ പാദത്തിൽ സഹ-വായ്പ ബുക്ക് 22% വർധിപ്പിച്ച് 4500 കോടി രൂപയായി ഉയർത്താൻ ഐഐഎഫ്എൽ ഫിനാൻസിന് കഴിഞ്ഞു. ഐഐഎഫ്എൽ ഫിനാൻസിന് മൊത്തം 55,300 കോടി രൂപയുടെ ലോൺ ബുക്ക് ഉണ്ട്. 3600 ശാഖകളുടെ ശൃംഖലയും റീട്ടെയിൽ വായ്പയിൽ 15 വർഷത്തെ ട്രാക്ക് റെക്കോർഡും ഉള്ള കമ്പനിയാണ് ഐഐഎഫ്എൽ ഫിനാൻസ്.