മുംബൈ: 2022 സെപ്തംബർ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 36 ശതമാനം വർധിച്ച് 397 കോടി രൂപയായതായി ഐഐഎഫ്എൽ ഫിനാൻസ് അറിയിച്ചു.
ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 292 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2022-23 ജൂലായ്-സെപ്റ്റംബർ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 1,713.37 കോടിയിൽ നിന്ന് 2,051.44 കോടി രൂപയായി ഉയർന്നതായി ഐഐഎഫ്എൽ ഫിനാൻസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഐഐഎഫ്എൽ ഹോം ഫിനാൻസ്, ഐഐഎച്ച്എഫ്എൽ സെയിൽസ് ലിമിറ്റഡ്, ഐഐഎഫ്എൽ സമസ്ത ഫിനാൻസ്, ഐഐഎഫ്എൽ ഓപ്പൺ ഫിൻടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനിയുടെ നാല് അനുബന്ധ സ്ഥാപനങ്ങളുടെ ഫലങ്ങൾ ഈ ഏകീകൃത ഫലത്തിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ ഫിനാൻഷ്യൽ സർവീസ് മേഖലയിലെ മുൻനിര കമ്പനികളിൽ ഒന്നാണ് ഐഐഎഫ്എൽ ഫിനാൻസ്. ഇത് ഇക്വിറ്റി, ഡെറിവേറ്റീവ്, കമ്മോഡിറ്റീസ്, വെൽത്ത് മാനേജ്‌മെന്റ്, അസറ്റ് മാനേജ്‌മെന്റ്, ഇൻഷുറൻസ്, ഫിക്‌സഡ് ഡിപ്പോസിറ്റുകൾ, ലോണുകൾ, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, ഗോൾഡ് ബോണ്ടുകൾ, മറ്റ് ചെറുകിട സമ്പാദ്യ ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന മുഴുവൻ സാമ്പത്തിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.