![](https://www.livenewage.com/wp-content/uploads/2022/07/iip-growth1.jpg)
ന്യൂഡല്‍ഹി: വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) പ്രകാരമുള്ള ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച മെയ് മാസത്തില്‍ 19.6 ശതമാനമായി ഉയര്‍ന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. വ്യാവസായിക വളര്‍ച്ച ഏപ്രിലില്‍ 7.1 ശതമാനമായിരുന്നു.
19.6 ശതമാനത്തില്‍, മെയ് മാസത്തെ വ്യാവസായിക വളര്‍ച്ചാ നിരക്ക് വര്‍ഷത്തെ ഉയര്‍ന്ന നിരക്കാണ്. എന്നാല്‍ വളര്‍ച്ച കണക്കുകൂട്ടാനായി ഉപയോഗിച്ച അടിസ്ഥാനം അനുകൂലമായതാണ് നിരക്ക് ഉയര്‍ത്താന്‍ സഹായിച്ചത്. 2021 മെയില്‍ ഐഐപി വളര്‍ച്ച 27.6 ശതമാനമായിരുന്നു.
മെയില്‍ ഖനനം, ഉല്‍പ്പാദനം, വൈദ്യുതി എന്നീ മൂന്ന് മേഖലകള്‍ ഉല്‍പ്പാദന വളര്‍ച്ചയില്‍ കുത്തനെ പുരോഗതി പ്രകടമാക്കി. ഉപകരണങ്ങളല്ലാത്ത ഉപഭോക്തൃ ഉല്‍പ്പാദനം മേയില്‍ 0.9 ശതമാനം ഉയര്‍ന്നു. ഏപ്രിലില്‍ 0.3 ശതമാനം വളര്‍ച്ച തോതാണ് ഉപഭോക്തൃ ഉത്പാദ രംഗത്തുണ്ടായത്.
രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ച മെയ് 2022ല്‍ 19.6 ശതമാനമാണ്. ഏപ്രിലില്‍ ഇത് 7.1 ശതമാനമായിരുന്നു. അതേസമയം 2021 മെയ് മാസം വ്യാവസായിക വളര്‍ച്ച 27.6 ശതമാനം രേഖപ്പെടുത്തി. മൈനിംഗ് മേഖല 2022 മെയ് മാസത്തില്‍ 10.9 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ 2022 ഏപ്രില്‍ മാസത്തില്‍ 7.8 ശതമാനം മാത്രമാണ് മൈനിംഗ് മേഖല വളര്‍ന്നത്. 2021 മെയ് മാസത്തില്‍ മൈനിംഗ് മേഖല 23.6 ശതമാനം നേട്ടത്തിലായി.
ഉത്പാദന മേഖല മെയ് 2022 ല്‍ 20.6 ശതമാനമാണ് വളര്‍ന്നത്. ഏപ്രില്‍ 2022 ല്‍ ഇത് 6.3 ശതമാനമായിരുന്നു. എന്നാല്‍ മെയ് 2021ല്‍ ഉത്പാദന മേഖല 32.1 ശതമാനം വളര്‍ന്നു.
വൈദ്യുതി മേഖല മെയ് 2022 ല്‍ 23.5 ശതമാനം വളര്‍ച്ച കൈവരിച്ചു. ഏപ്രില്‍ 2022 ല്‍ 11.8 ശതമാനമായിരുന്നു വൈദ്യുതി മേഖല വളര്‍ച്ച. എന്നാല്‍ മെയ് 2021 ല്‍ വിദ്യുച്ഛക്തി രംഗം 7.5 ശതമാനമാണ് വളര്‍ന്നത്.
അടിസ്ഥാന കണക്കുകള്‍ കുറഞ്ഞതായതിനാല്‍ മെയ് മാസത്തില്‍ ഉയര്‍ന്ന വ്യാവസായിക വളര്‍ച്ച രേഖപ്പെടുത്തുമെന്ന് സാമ്പത്തികവിദഗ്ധര്‍ നേരത്തെ കണക്കുകൂട്ടിയിരുന്നു. കൊറോണ വൈറസ് രണ്ടാം തരംഗം രാജ്യത്തെ വിഴുങ്ങിയതിനാല്‍, ഒരു വര്‍ഷം മുമ്പുള്ള കാലയളവില്‍, ഐഐപി തുടര്‍ച്ചയായി വീഴ്ചകള്‍ രേഖപ്പെടുത്തിയിരുന്നു.
‘2020 മാര്‍ച്ച് മുതലുള്ള കോവിഡ് 19 പാന്‍ഡെമിക്കിന്റെ അസാധാരണ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്’ മാത്രമേ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ വളര്‍ച്ചാ നിരക്ക് വ്യാഖ്യാനിക്കാവൂവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു.