![](https://www.livenewage.com/wp-content/uploads/2022/10/iip-e1665641035934.jpg)
ന്യൂഡല്‍ഹി: വ്യാവസായികോത്പാദന സൂചികയനുസരിച്ച് രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ച ജൂണില്‍ 3.7 ശതമാനമായി കുറഞ്ഞു. മെയ് മാസത്തില്‍ ഉത്പാദനം 5.3 ശതമാനമായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.
ജൂണ്‍ 2022 ല്‍ 12.6 ശതമാനമായിരുന്നു വ്യവസായിക ഉത്പാദന വളര്‍ച്ച. മാത്രമല്ല, 2023-24 ന്റെ ആദ്യ പാദത്തില്‍ ഐഐപി വളര്‍ച്ച 4.5 ശതമാനമായി കുറഞ്ഞു. 2022 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 12.9 ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.
അതേസമയം അനുകൂലമായ ബേസ് ഇഫക്ട് കാരണമാണ് കഴിഞ്ഞവര്‍ഷം വളര്‍ച്ച കൂടിയത്. ഉത്പാദന മേഖലയുടെ ദുര്‍ബലമായ പ്രകടനമാണ് ജൂണില്‍ വ്യാവസായിക വളര്‍ച്ച കുറച്ചത്. ഐഐപിയുടെ നാലില്‍ മൂന്ന് ഭാഗവും ഉത്പാദന മേഖലയുടെ സംഭാവനയാണ്.
ഉത്പാദനം മന്ദഗതിയിലായെങ്കിലും ഖനനം, വൈദ്യുതി എന്നിവയുടെ ഔട്ട്പുട്ട് വേഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഖനന ഉത്പാദനം 7.6 ശതമാനമായും വൈദ്യുതി ഉത്പാദനം 4.2 ശതമാനമായുമാണ് ഉയര്‍ന്നത്. മെയ് മാസത്തില്‍ ഇത് യഥാക്രമം 6.4 ശതമാനവും 0.9 ശതമാനവുമായിരുന്നു.
എങ്കിലും മഴ കാരണം പ്രതീക്ഷിച്ച തോതില്‍ ഈ മേഖലകളുടെ പ്രകടനം ഉയര്‍ന്നിട്ടില്ല. ചരക്കുകളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി വര്‍ഗ്ഗീകരിക്കുമ്പോള്‍ ചില വലിയ ആഘാതങ്ങള്‍ പ്രത്യക്ഷമാണ്. പ്രൈമറി, ഇന്റര്‍മീഡിയറ്റ് ചരക്കുകളുടെ ഉല്‍പാദനം ജൂണില്‍ യഥാക്രമം 5.2 ശതമാനവും 4.5 ശതമാനവും ഉയര്‍ന്നപ്പോള്‍ മറ്റ് മേഖലകളില്‍ ബലഹീനതകള്‍ ദൃശ്യമായി.
ഉപഭോക്തൃ ഡ്യൂറബിള്‍സ് ഉല്‍പാദനം ജൂണില്‍ 6.9 ശതമാനം ഇടിഞ്ഞു. മൂലധന വസ്തുക്കളുടെ ഉത്പാദനം മെയ് മാസത്തിലെ 8.1 ശതമാനത്തില്‍ നിന്ന് വെറും 2.2 ശതമാനം ഉയര്‍ന്നപ്പോള്‍ ഉപഭോക്തൃ നോണ്‍-ഡ്യൂറബിള്‍സ് ഉത്പാദനം വെറും 1.2 ശതമാനം മാത്രമാണ്. മെയ് മാസത്തില്‍ ഇത് 8.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
ഇന്‍ഫ്രാസ്ട്രക്ചര്‍ ചരക്കുകളുടെ ഉല്‍പാദനം അതേസമയം 11.3 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.